Saturday, April 2, 2011

പരാജിതരുടെ അടയാളങ്ങള്‍

(കവിയും സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ഐ.സി.സനില്‍ദാസ് ആത്മഹത്യ ചെയ്തിട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് മുപ്പതു വര്‍ഷങ്ങളായി.നിരവധി പ്രശസ്ത കവികളുടെ കവിതകളില്‍ ആ ആത്മഹത്യ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.അതിനെക്കുറിച്ചുള്ള ഒരു കുറിപ്പ് ഇവിടെ വായിക്കാവുന്നതാണ്.പരാജിതര്‍ക്കയി സമര്‍പ്പിക്കപ്പെട്ട ഒരു കവിത(കുറച്ചു മുന്‍പെഴുതിയത്)ഇവിടെ ചേര്‍ക്കുന്നു.(‘വയനാട്ടിലെ മഴ‘ എന്ന സമാഹാരത്തില്‍ നിന്ന്)

പരാജിതനെ
ആര്‍ക്കും തിരിച്ചറിയാം.
ചിരിക്കാനൊ കരയാനോ വിടരാതെ
മൌനത്താല്‍ മുദ്രവെച്ച ചുണ്ടുകള്‍
അമ്പുകളേറ്റ വടുക്കള്‍
ചൂടോ തണുപ്പോ നീറ്റലോ
മറന്നുപോയശരീരത്തില്‍
കാലത്തിന്റെ ടിക് ടിക്
എന്നേ നിലച്ചുപോയിരിക്കും
തുറന്നിരുന്നാലും അടഞ്ഞിരുന്നാലും
കാഴ്ചകളൊന്നും പതിയാത്ത
ചൂഴ്ന്നുപോയ കണ്‍കുഴികള്‍,
ആസക്തി
തൊണ്ടയില്‍ നിന്നിറങ്ങാത്ത അപ്പമായി,
തിരസ്ക്കാരം വമനേച്ഛയായി
വിടവാങ്ങലുകള്‍
കൈ വീശലുകള്‍
കണ്ണുനീരുകള്‍
തലകുനിച്ചൊരു തിരിച്ചു പോക്ക്..
പരിത്യക്തനും പരാജിതനും
ഒരേനാണയത്തിന്റെ
ഒരേ വശത്തുറക്കമില്ലാതെ
തിരിഞ്ഞും മറിഞ്ഞും കിടക്കും.

പരാജിതനെ ആര്‍ക്കും തിരിച്ചറിയാം
അയാള്‍ക്ക് ഒന്നല്ല പേരുകള്‍
ഇടപ്പള്ളി,രമണന്‍,സനില്‍ദാസ്,ഗുഹന്‍,
കിഷോര്‍,പ്രേമന്‍,കൃഷ്ണപ്രസാദ്,സാംസണ്‍
ഏതു പേരുമാകാം.
തിരിച്ചറിയാനുള്ള
പൊതു അടയാളങ്ങളെല്ലാം കഴിഞ്ഞ്
ഓരോ പരാജിതനും
അയാളുടെ സ്വന്തം പരാജയചിഹ്നമുണ്ടാവും.
ഒരു വീതുളി
ഒരു പരിഹാസക്കുരുക്ക്
അന്യമായ ചന്ദ്രിക
വായിക്കാതെ പോയ ഒരുവരി
ഉലയില്‍ വെച്ചു കാച്ചിയെടുത്ത
പ്രേമത്തിന്റെ ഒരു വായ്ത്തല..
ആചിഹ്നം കൊണ്ടാണയാള്‍
ആശാരിയോ
കരുവാനോ
കവിയോ
കള്ളനോ
കാമുകനോ
ആയിരുന്നതെന്ന് നാമറിയുന്നത്.