Sunday, February 28, 2016

ആനക്കരയിലെ മരങ്ങള്‍


കൊച്ചിയില്‍ വൃക്ഷങ്ങള്‍ തലയാട്ടി നിന്ന അതേകാലം
ആനക്കരയിലും ആകാശം തൊടുന്ന
ചില മരങ്ങളുണ്ടായിരുന്നു.

നരേന്ദ്രനും ഞാനും ആ മരച്ചോട്ടിലൂടെ നടന്നു
നീണ്ട കാലുകളുള്ള നരേന്ദ്രന്‍
ഓടുംപോലെ നടക്കുമ്പോള്‍
ഒപ്പമെത്താന്‍ ഞാനുമോടി.
എറിഞ്ഞിടത്ത് കൊള്ളുന്ന ഉന്നം കൊണ്ടവന്‍
ഞാവല്‍പ്പഴം വീഴ്ത്തും
ചവര്‍പ്പു തൊണ്ടയില്‍ വയലറ്റു നാവ് കൊണ്ട്ട്
 കഥ കെട്ടി പറയും.
എന്റെ പണി മൂളലാണ്
കഥ പറഞ്ഞവന്‍ തളരും
മൂളി മൂളി ഞാനും.

ആനക്കര വടക്കത്തെ
അമ്മു സ്വാമിനാഥന്‍,ക്യാപ്റ്റന്‍ ലക്ഷ്മി
സുഭാഷിണി അലി,കുറ്റിപ്പുറം പാലം,
ഇടശ്ശേരി,കേളപ്പന്‍,ഗോവിന്ദന്‍ വഴി
പൊന്നാനിയിലെത്തുമ്പോഴേക്കും
ഞങ്ങളുടെ ശരീരം ഉപ്പുകുറുക്കി തളരും
സ്വാതന്ത്യം നേടി രണ്ടുദേശങ്ങളായി പിരിയും.

കഥയുടെ ചുറ്റുകോണിയില്‍ കയറി കുന്നിന്‍ പുറത്തെക്ക്
അതിവേഗം കയറിപ്പോകും മുന്‍പ് അവന്‍ പറഞ്ഞു:
ഒരിക്കല്‍ ഞാവല്‍പ്പഴങ്ങളെപ്പറ്റി
കഥയെഴുതും,അല്ലല്ല ഒരുകവിത.
ഒപ്പമെത്താതെ ഞാനുമെന്റെ മൂളലുംതാഴെ കിതച്ചു നില്‍ക്കുമ്പോള്‍
ഒറ്റച്ചാട്ടത്തിനവന്‍ ഒരു മല മറികടന്നു.
അതുകണ്ട് വീട്ടിലെത്തി
മരക്കോണിയുടെ ഇളകുന്ന പടികള്‍ കയറുവാന്‍ നോക്കി
രണ്ടു പടി കയറി, ഒരു പടിഇറങ്ങി
ഒരു പടി കയറി,രണ്ടു പടി ഇറങ്ങി
ഉയരം കണ്ട് പേടിപൂണ്ടു.

നീയിപ്പോഴും കഥകള്‍ പറയുന്നു
വലിയമരങ്ങള്‍ക്കൊപ്പം നടക്കുന്നു
എനിക്കു മാത്രമല്ലാതെ നീ പറയുന്ന കഥകള്‍ക്കും
ഞാന്‍ മൂളിക്കൊണ്ടിരിക്കുന്നുണ്ട്.
 കേള്‍ക്കാത്ത ഉയരത്തിലാണ് നീ എന്നേയുള്ളു.
ആയിരം മൂളക്കങ്ങളില്‍ നിന്ന്
എന്നെ  തിരിച്ചറിയുന്നില്ലെന്നേയുള്ളു

ഹാ! ആനക്കരയിലെ ഞാവലുകള്‍
അതിന്‍ വയലറ്റു ചവര്‍പ്പ്
എന്നൊക്കെ നീ ഓര്‍മ്മകള്‍ വരയുമ്പോള്‍
ഞാനതിന്‍ ചുവട്ടില്‍ എന്നെയും കൊണ്ടുപോയി നിര്‍ത്തുന്നു
ഒരുകാലത്ത് നമ്മളൊന്നിച്ചനുഭവിച്ച തണലും വെയിലുമെന്നു കരുതുന്നു
ഒരു നാടോടിക്കാറ്റ് ഉന്നമില്ലാത്ത എനിക്ക്
നാലഞ്ചു ഞാവല്‍പ്പഴങ്ങള്‍ വീഴ്ത്തിത്തരുന്നു.

ഇതായിരിക്കാം നീ എഴുതുമെന്ന് പണ്ട് പറഞ്ഞ ആ കവിത.
ആ കാറ്റ് നീയായിരുന്നെന്ന് കരുതിക്കോട്ടെ?
വെറുതെ.