Saturday, July 16, 2016

ബംഗാളി മൂലം



കല്‍ക്കട്ട തിസീസും നക്സല്‍ ബാരിയും
അപ്പപ്പോള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കാര്യം
മുറ്റത്തു നില്‍ക്കുന്ന ബംഗാളിക്കറിയില്ല

മുഷിഞ്ഞ വേഷം മുഷിഞ്ഞ മുഖം
അയാള്‍ക്കെന്തെങ്കിലും പണി വേണം.

ഒരു കാലത്ത് എന്റെ മക്കളും മരുമക്കളും
അമ്മാവന്മാരും ബംഗാളിലായിരുന്നു.
കേരളമെന്നു കേട്ടാല്‍ ചോര തിളക്കും മുന്‍പ്
ബംഗാള്‍ ചോര തിളപ്പിച്ചു.
നക്സല്‍ ബാരിക്കു ശേഷമാണ്
കയ്യൂരും വയലാറുമൊക്കെ ഉണ്ടായത്.
ആരുമൊന്നും വിവര്‍ത്തനം ചെയ്തു തന്നില്ല.
ആനന്ദ മഠം,ആരോഗ്യ നികേതനം,
നെല്ലിന്റെ ഗീതം
തീവണ്ടി കാണാനോടുന്ന ദുര്‍ഗ്ഗ
നദിയുടെ മറുകര നോക്കിനില്‍ക്കുന്ന ഘട്ടക്ക്
ബനലതാസെന്‍..
ബംഗാള്‍ മൂലത്തില്‍  എല്ലാം മനസ്സിലായിട്ടും
സാംബശിവന്റെ വിവര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍
പൂരപ്പറമ്പുകളില്‍ ഉറക്കമൊഴിച്ചു.

ജനഗണമന പാടുമ്പോള്‍ എഴുന്നേറ്റ് നിന്ന്
ദേശീയതയെ വിവര്‍ത്തനം ചെയ്തു

ബംഗാളി നെല്ല്  വിതയ്ക്കുന്നു,കൊയ്യുന്നു ,മെതിക്കുന്നു.
 അവനെല്ലാം അതിവേഗം ബംഗാളിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ്.
നമ്മളു കൊയ്യും വയലെല്ലാം എന്ന പാട്ടുമുണ്ടതില്‍.

........
(മാദ്ധ്യമം ആഴ്ചപ്പതിപ്പ് ജുണ്‍ 27)

Sunday, July 3, 2016

മഴയും ടീച്ചറും

മഴയെന്നു പേരുള്ളകുട്ടിയെ
നേരം വൈകിയാലും  ടീച്ചര്‍ പുറത്തുനിര്‍ത്തില്ല
ഹാജര്‍ പുസ്തകത്തില്‍ അവള്‍ക്കു നേരെ മാത്രം
ചുവന്ന വര വീഴാതെ നോക്കും

കൂട്ടുകാരവള്‍ക്കായൊതുങ്ങിക്കൊടുക്കും
സ്കൂളുവിട്ടാല്‍ അവള്‍ക്കൊപ്പം  നനയാനിറങ്ങും
ചിലര്‍ കുടയെടുക്കും, മഴയെ തടുക്കും
ചിലര്‍ ചോരുന്നവീട്ടില്‍ പാത്രങ്ങള്‍ നിരത്തും
ചിലരതില്‍ ജലതരംഗം വായിക്കും.

അവിടെ മഴയുണ്ടോ എന്ന
നീല ഇന്‍ലന്‍ഡിലെ പഴയ ചോദ്യം
ടീച്ചര്‍ക്കോര്‍മ്മവരും
അന്നത്തെ കാമുകിയെ മറിച്ചു നോക്കും
ഹാ! ഒരുമിച്ചുനനഞ്ഞ മഴയെന്നു പിറുപിറുത്ത്
വേനല്‍ക്കാലവരമ്പിലെ വിഷാദസന്ധ്യയിലേക്ക്
പറന്നിറങ്ങാന്‍നോക്കുമ്പോള്‍
ക്ളാസ്സില്‍ അച്ചടക്കമില്ലാത്ത ഒരു മഴയിരമ്പമുയരും
മേശപ്പുറത്തടിച്ച് അത് നിശ്ശബ്ദമാക്കും

പെരുമഴയായി ഉയര്‍ന്ന ക്ലാസ്സിലേക്കവള്‍  പേരുവെട്ടിപോകുമ്പോള്‍
 പ്രാര്‍ത്ഥനയായി ടീച്ചര്‍ പിന്നാലെചെല്ലും
വെയിലല്ലാതാകാശമല്ലാതൊരു കുടയും ചൂടാതെ
അവള്‍ പോകുന്നത് നോക്കിനില്‍ക്കും
പോകുന്നപോക്കില്‍കൊഴിഞ്ഞ അവളുടെ പാദസരമണി
ഒറ്റക്കണ്‍ നോട്ടത്താല്‍ പെറുക്കിസൂക്ഷിക്കും
മറ്റേക്കണ്ണിനാല്‍  ക്ലാസ്സ് നിശ്ശബ്ദമാക്കും.

(കലാപൂര്‍ണ്ണ മാസിക,മെയ് 2016)