
കോയാമുവിനൊപ്പം
കരഞ്ഞു പിറന്നതാണ് കേരളം.
അവന്‍ കമിഴ്ന്നപ്പോഴേക്കും
ഇ.എം.എസ്.മുഖ്യമന്ത്രിയായി തലയുയര്‍ത്തി
പത്താണ്ടു കഴിഞ്ഞ്
നക്സല്‍ബാരിയില്‍ കലാപമുണ്ടായി,
ഇരുപതാം വയസ്സില്‍
അടിയന്തിരാവസ്ഥയില്‍
ഓര്‍മ്മ ഇരുട്ടത്തായി
നേരം വെളുത്തപ്പോള്‍ നക്സലൈറ്റായി
മുപ്പതാം വയസ്സില്‍ സര്‍ക്കാര്‍ ജോലി കിട്ടി,
പ്രേമിച്ച പെണ്ണിനെത്തന്നെ കെട്ടി.
പിറവിയില്‍ പിന്നിലായ ഞാന്‍
കോയാമുവിനൊപ്പം വളര്‍ന്നില്ല.
ചൈനീസ് ആക്രമണവും
നെഹ്രു മരിച്ചതും
പാര്‍ട്ടി പിളര്‍ന്നതുമൊക്കെ
കോളേജിലെത്തിയിട്ടാണറിഞ്ഞത്
അപ്പോഴെക്കും കൂട്ടുകാരും കുടുംബക്കാരുമൊക്കെ
അറബി നാട്ടിലേക്ക് കപ്പല്‍ കയറിയിരുന്നു
അവിടെ നിന്ന്‍ വന്ന പുതിയ പിഞ്ഞാണ പാത്രങ്ങളില്‍
കഞ്ഞി വിളമ്പാന്‍ തുടങ്ങി.
2
ചുരം കയറി വയനാട്ടിലെത്തുമ്പോള്‍
കാടിറങ്ങി വന്ന ശൂന്യത
നാട്ടിലും വീട്ടിലും വയലുകളിലും
കളിച്ചു തിമിര്‍ക്കുകയായിരുന്നു,
എല്ലാവരും ചുരമിറങ്ങുകയായിരുന്നു.
എനിക്കു മുന്‍പേ അവിടെയെത്തി
കോയാമു എന്നെ കാത്തുനിന്നു.
പുതിയ കുടിയേറ്റക്കാരനെ
പഴയ കുടിയേറ്റക്കാരന്‍ ചുഴിഞ്ഞു നോക്കി.
വയനാട് കേരളത്തെ വളയുമെന്നൊക്കെ
അവന്‍ പറയുന്നുണ്ടായിരുന്നു..
ബ്രഹ്മഗിരിക്ക് മുകളില്‍ കയറിയാല്‍
ഇപ്പോഴും കാണാം നക്സല്‍ ദേശം.
വീണ്ടും നോക്കിയാല്‍ ചൈനയും കാണാം .
3
കോയാമുവുമായുള്ള തര്‍ക്കങ്ങള്‍ക്ക്
ജീവിതമെന്ന് പേരിട്ടാല്‍
എന്നെപ്പോലെയുണ്ടാവും.
ഞാന്‍ ചുരം കയറുമ്പോള്‍
അവന്‍ ചുരമിറങ്ങിക്കൊണ്ടിരിക്കും .
ഞങ്ങള്‍ രണ്ടാളും കൂടി പണിപ്പെട്ടിട്ടും
സോവിയറ്റ് യൂണിയന്‍ തകര്‍ന്നു തരിപ്പണമായി.
ഗോര്‍ബച്ചേവും യെത്സിനുമാണ്
എല്ലാറ്റിനും കാരണമെന്ന് കണ്ടു പിടിച്ചു.
സ്റ്റാലിന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍
കാണാമായിരുന്നെന്ന് വെല്ലുവിളിച്ചു.
സോവിയറ്റ് നാട് മാസികയുടെ
മിനുമിനുത്ത പഴയ ലക്കങ്ങള്‍ മറിച്ചു നോക്കി
അന്ന് രാത്രിഞങ്ങളുറക്കമില്ലാതെ കിടന്നു.
4
മൊബൈല്‍ സ്ക്രീനില്‍
ചീനാദേശത്തെ
ഒന്ന് തോണ്ടി വിടുന്നു.
ദേശമല്ലാത്ത ദേശങ്ങളിലേക്ക് സഞ്ചരിക്കുന്നു.
ഞങ്ങള്‍ പൊട്ടിച്ച ചീനപ്പടക്കവും
ഞങ്ങളെ ഉപ്പിലിട്ട ചീനഭരണിയും
പൊരിച്ചെടുത്ത ചീനച്ചട്ടിയും വീണ്ടുമോര്‍ക്കുന്നു.
ഫേസ് ബുക്കിലുണ്ട് ഇപ്പോള്‍ ഞങ്ങള്‍ രണ്ടാളും.
മുടി കറുപ്പിച്ച് കോയാമുവും
നരച്ചു വെളുത്ത് ഞാനും.
പുതിയ നാടുകള്‍ കണ്ടെത്തുകയാണ്.
ആണ്‍കുട്ടികളേ
പെണ്‍കുട്ടികളെ
ബാക്കിയുള്ളോരെ
കൂട്ടുകാരാക്കുമോ
ഞങ്ങളെകൂടി?
(മാധ്യമം വാരിക,2016 നവമ്പര്‍ 21)