മലയാളകവിതയുടെ പുതുമ ഉറയുരിച്ച് വ്യക്തമാക്കുന്ന കവിയാണ് വി. മോഹനകൃഷ്‌ണന്‍.
കവിത ഏകധാരയിലേക്ക് ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ് വി. മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന പുസ്‌തകം. നാല്‌പത്തിയൊന്‍പത് കവിതകളുടെ ഉള്ളടക്കം.
നിശബ്‌ദതയുടെ വാളിന് ഇരുതല മൂര്‍ച്ചയുണ്ടെന്ന് വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സങ്കീര്‍ണ്ണത സൃഷ്‌ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്‌ചകളിലൂടെ നടത്തിക്കുകയാണ് ഈ എഴുത്തുകാരന്‍.നിശബ്‌ദതയുടെ ചിത്രം വരച്ചുകൊണ്ടാണ് മോഹനകൃഷ്‌ണന്‍ തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്. ഓര്‍മ്മകളുടെ കല്ലെടുത്ത് എന്നെ എറിയരുതെന്ന അപേക്ഷയാണ് പുസ്‌തകത്തിലെ അവസാന കവിത- (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്‌ദതയ്‌ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ് വയനാട്ടിലെ മഴ.
പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്‌ചകളും വിസ്‌മയങ്ങളും കൊണ്ട് സമ്പന്നമാണ് മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ് ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്. കുത്തൊഴുക്കില്‍ തിടംവയ്‌ക്കുന്ന ജീവിതഖണ്‌ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. മോഹനകൃഷ്‌ണനെ പുതുകവിതയില്‍ വേറിട്ടുനിര്‍ത്തുന്നത് കാഴ്‌ചയ്‌ക്കും മൗനത്തിനും സാക്ഷിയാകുമ്പോഴും എല്ലാം ആറ്റിക്കുറുക്കി സൂക്ഷ്‌മതയുടെ കണ്ണട നല്‍കുന്നതിലാണ്. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ഭൂമിയിലേക്കും ശാഖികള്‍ വിരിച്ചു നില്‍ക്കുന്ന വടവൃക്ഷം പോലെയാണ്. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചാരമാണ് മോഹനകൃഷ്‌ണന്റെ കവിതകള്‍. ഓരോ വായനയിലും പ്രകൃതിയുടെയും മനുഷ്യന്റെയും അകം തൊട്ടുകാണിച്ച് നമുക്ക് മുന്നില്‍ നടക്കുന്ന കവിയും കവിതയുമാണ് വയനാട്ടിലെ മഴയില്‍ തെളിയുന്നത്. പുതുകവിതയുടെ ഊടുംപാവുമാണിത് നേദിക്കുന്നത്. കാവ്യരചനയുടെ പാഠവും പാഠാന്തരവുമാണ് വി. മോഹനകൃഷ്‌ണന്റെ കാവ്യതട്ടകം. പി. പി. രാമചന്ദ്രന്റെ അവതാരിക. -( കറന്റ് ബുക്‌സ്, തൃശൂര്‍. 55 രൂപ).
കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ ബ്ലോഗില്‍നിന്ന്
No comments:
Post a Comment