(പക്ഷി നിരീക്ഷകനായിരുന്ന രാജന്റെ ഓര്‍മ്മയ്ക്ക്)
പക്ഷിരാജനറിയാതെ
പറക്കില്ലൊരു പക്ഷിയും.
വിരിയില്ലൊരു മുട്ടയും.
എല്ലാമവന്റെ പക്ഷത്തിനു കീഴെ,
കാഴ്ചക്കു കീഴെ.
ജാനകിക്കു വേണ്ടി
ഒരുപക്ഷം മുറിച്ച്
ഭൂമിയിലേക്കു മടങ്ങിയതാണവന്‍.
ആകാശം കാണുവാന്‍
ഭൂമിയില്‍ നില്‍ക്കണമെന്നു പറഞ്ഞ്.
ഇന്ന് പക്ഷിരാജന്റെ
ഭാര്യയും കുട്ടികളും
പണിതീരാത്തൊരു കൂടിന്റെ
മുന്നില്‍ നില്‍ക്കുന്ന ചിത്രം
പത്രത്തില്‍ കണ്ണ്ടു.
നീ പറന്നു മറഞ്ഞ ആകാശം
ചാരനിറത്തിലവര്‍ക്കുമേലെ.
ഭൂമികാണുവാന്‍
ആകാശത്തുനില്‍ക്കുന്ന
ഒരുപക്ഷിയാണതെന്ന്
അവര്‍ക്കു തോന്നാതിരിക്കില്ല.
(പടയാളിസമയം മാസിക,ഏപ്രില്‍,2010)