Thursday, October 14, 2010

കുടിയേറ്റം

കിണറുപോലെ
കുഴിച്ചുപോയിട്ടും
വലയിട്ടു വലിച്ചെടുത്തും
ആകാശത്തു പറന്നുപിടിച്ചും
കുടിയേറ്റം നടത്താമെന്ന്
കാരണവന്മാര്‍ക്കുമറിയാമായിരുന്നു.

കിണറിന്റെ ഓരോ വളയവും
ഓരോ തലമുറയായിരുന്നു.
പാതാളക്കരണ്ടികൊണ്ടിളക്കിയാല്‍
അടിയില്‍ നിന്ന് കേള്‍ക്കുന്ന
അസ്ഥിയില്‍ തട്ടുന്ന ഒച്ചയുള്ള
ആ കിണറ്റിലെ ജലമാണ്
ഞങ്ങള്‍ കുടിച്ചതും കുളിച്ചതും
കൃഷി നനച്ചതും.

വയലിലിലെ തോട്ടില്‍
കണ്ണിയടുപ്പമുള്ള വലയെറിഞ്ഞാല്‍
ചില പൊടിമീനുകള്‍ കുടുങ്ങും.
പേരറിയാത്ത ആ മീനുകള്‍ക്കുള്ളില്‍
ഏതുമുതുമുത്തശ്ശിയുടെ
ഇല്ലാത്ത പേരായിരുന്നെന്ന്
വായിക്കാനായാല്‍ പിന്നെ
വയലും തോടും മീനുമുള്ള
ആ ഭൂമി ഞങ്ങള്‍ക്കു സ്വന്തം.

ആകാശത്തേക്കു പറത്തിവിട്ട
കടലാസുവിമാനങ്ങള്‍
മടങ്ങിവരുമ്പോള്‍
അവയില്‍ ചിലതിന്
ചിറകുറച്ചിട്ടുണ്ടാവും
ചിലതിന് ചുണ്ടും കൊക്കുമുണ്ടാവും.
ഏതുതലമുറയിലെ
കാരണവരായിരുന്നെന്ന്
കരച്ചില്‍ കേട്ടാലറിയാം.
കടലാസുപക്ഷി പറന്ന ദൂരവും
ഞങ്ങള്‍ വളച്ചെടുക്കും.

അങ്ങനെ ഞങ്ങല്‍ നേടിയതാണീ
ഭൂമിവിസ്താരമൊക്കെയും.
മറിച്ചുവില്‍ക്കാനാവില്ല
രഹസ്യവാക്കിന്റെ
താക്കോലിട്ടു തുറന്ന്
ഞങ്ങള്‍ക്കുമാത്രം പ്രവേശിക്കാം.
(തോര്‍ച്ച മാസിക-ആഗസ്ത്/സെപ്തംബര്‍ 2010)

5 comments:

  1. കിണറിന്റെ ഓരോ വളയവും
    ഓരോ തലമുറയായിരുന്നു.
    ഈ ചിന്തകള്‍ കൊള്ളാം മാഷെ ...
    ഇഷ്ട്ടമായി .....ഭാവുകങ്ങള്‍

    ReplyDelete
  2. കവിത ഇഷ്ടമായി

    ReplyDelete
  3. വഴികള്‍ തുടങ്ങുന്നിടത്തു തന്നെ അവസാനിക്കുന്നു?

    ReplyDelete