Sunday, July 21, 2013

അളന്നു നോക്കുമ്പോള്‍

കുന്നു നിന്നേടം
ഇത്രവേഗമൊരു കുഴിയാവുമെന്ന്
കുട്ടിക്കാലത്ത്
ഒട്ടും കരുതിയില്ല
കുളം നികന്നപ്പോഴാണ്
അതിന്റെ ഇല്ലാത്ത ആഴമറിഞ്ഞത്
മാവുവെട്ടിയപ്പോഴാണ്
എത്രകുറച്ചു വേരു കൊണ്ടാണത്
ഉറച്ചു നിന്നതെന്നറിഞ്ഞത്
ഒരാളെ ദഹിപ്പിക്കാനുള്ള
വിറകാണാകെയെന്നറിഞ്ഞത്
നഷ്ടമായപ്പോഴാണ്
കൂടെയുണ്ടായിരുന്നത്
പ്രണയമായിരുന്നുവെന്നറിഞ്ഞത്.

അളക്കാത്ത ആഴവും ഉയരവും
പുറത്തറിയാത്ത വേരുകളും
അറിയാതെ കൂടെ നടക്കും പ്രണയവും
മതിയായിരുന്നു,
അത്ര മതിയായിരുന്നു.
...........................................
(ഇത്തിരി പഴയൊരു കവിത)

Saturday, March 2, 2013

വാഹന പൂരുഷന്‍


ഞങ്ങളെ നീ മറന്നതു പോലെ
നിന്നെയും ഞങ്ങള്‍ മറന്നുപോകും.

രാത്രിയില്‍ അതേ വാഹനമോടിച്ച്
ആളൊഴിഞ്ഞ നഗരത്തില്‍
ഞങ്ങളല്ലാത്ത ഞങ്ങളുണ്ടാവും
അതേവഴിയില്‍
അതേ സ്റ്റോപ്പില്‍
നീയല്ലാത്ത നീ കൈ കാണിക്കും
വണ്ടിയിലുച്ചത്തില്‍ പാട്ടു വെക്കും
അതേ ഹിന്ദിപ്പാട്ട്.
വലിയ ചക്രങ്ങളും മുരളുന്ന യന്ത്രവും
ചായമടിച്ച ശരീരവുമായി
വാഹനമൊരു പുരുഷനാകും
ഹോണടിച്ച്,ഗിയര്‍ മാറ്റി,
ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി
ഞങ്ങള്‍ മാറി മാറി വണ്ടിയോടിക്കും...
അവസാന തുള്ളിയും അണ്ണാക്കിലിറ്റിച്ച്
ഒഴിഞ്ഞ വെള്ളക്കുപ്പി
ഒടിച്ചു ചുരുട്ടി വലിച്ചെറിയും.
വാഹനമോടിക്കൊണ്ടിരിക്കും.

മൈനസ് ഡിഗ്രി ദില്ലിയില്‍ നിന്ന്
മകരക്കുളിരിലേക്കോടിവരുന്നു
അതി വേഗത്തിലാവാഹനം.
കവിതയുടെ ഒരു കഷ്ണം ച്യൂയിങ്ങ് ഗം ചവച്ച്
തല പുറത്തേക്കിട്ട് പാടുന്നു ഞങ്ങള്‍:
പേരറിയാത്തൊരു പെണ്‍കിടാവേ
നേരറിയാത്തൊരു പെണ്‍കിടാവേ...

(തോര്‍ച്ച മാസിക/ജനു-ഫെബ്രു 2013)