Thursday, October 11, 2012

രണ്ടു കാക്കക്കവിതകള്‍


കേകയല്ല.

 ഒടിച്ചു മടക്കാന്‍ നോക്കിയിട്ടും
മടങ്ങാതെ കിടപ്പാണ്
എല്ലുനീണ്ട ചിലത് .
വാക്കുകളെന്നും പറയാം.

മൂന്നും രണ്ടും രണ്ടെന്നു
കൂട്ടില്‍ കയറാതെ
പീലി നിവര്‍ത്താതെ
ഒറ്റയ്ക്കൊരുവരിയായി
രണ്ടു പാദങ്ങളില്‍ ചാടി നടക്കുന്നു.

കേകയായില്ല
കാക്കയായി

അയയില്‍ എന്റെ കുപ്പായം

വലിച്ചുകെട്ടിയ അയയില്‍
തൂങ്ങിക്കിടന്നാടുന്നു
ആണുടുപ്പുകളും പെണ്ണുടുപ്പുകളും
കുട്ടിയുടുപ്പുകളും.
 വെള്ളം ഇറ്റുതീര്‍ന്നിട്ടില്ല
വെയിലവയെ പൊതിയുന്നുണ്ട്
കാറ്റോടിവന്ന്‍ വട്ടം ചുറ്റുന്നു
നനവാറി വരുമ്പോള്‍
ഒരു കാക്ക  വരും
ചാഞ്ഞും ചെരിഞ്ഞും നോക്കും
 കൈകോര്‍ത്ത് കാലു കോര്‍ത്ത്
കാറ്റത്ത് പറന്നു പൊങ്ങുന്ന
അടിയുടുപ്പുകളെ നോക്കി
 ഇനിയൊരിക്കലാട്ടെ എന്ന്
വെറുതെ പറന്നു പോകാം
അല്ലെങ്കില്‍ അയല്‍ വീട്ടിലേക്ക് പറക്കും
അവിടെ ഒറ്റക്കു കിടന്നാടുന്ന
നീളന്‍ കുപ്പായം ഞാനും കാണുന്നുണ്ട്.

കാറ്റും വെയിലും കൂടി
ആരും കാണാത്തൊരയയില്‍
എന്റെ കുപ്പായമുണക്കുന്നതിനരികെക്കൂടി
പറക്കല്ലേ കാക്കേ.

(മാതൃകാന്വേഷി/സെപ്തംബര്‍ 2012)