Thursday, October 2, 2014

പുകമരം

എന്തുയരം വരും ഏകാന്തതയ്ക്ക്
കവുങ്ങു തെങ്ങു പോലെ
ഒരു മരമാണെങ്കില്‍
മരത്തിന്റെ ഉയരം
എകാന്തതയുടെ ഉയരമാകുമോ
മരത്തിന്റെ നിഴല്‍
ഏകാന്തതയുടെ നിഴലാകുമോ?

ഏകാന്തമാണോ മരങ്ങളെല്ലാം
ചില്ലകള്‍ ചില്ലകളെ തൊട്ടുരുമ്മി
വേരുകള്‍ വേരുകളെ കെട്ടിപ്പിടിച്ച്
കാറ്റും മഴയും കൊണ്ട്
ഉടലുകള്‍ നനഞ്ഞു കിടുത്ത്
വെയിലത്തുണങ്ങിപ്പൊരിഞ്ഞ്
എകാന്തമാവുമോ മരങ്ങള്‍?

മുള്ളുകളാല്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന
മുളങ്കൂട്ടത്തിന്റെ ഏകാന്തത
സ്വയം പല്ല് ഞെരിക്കുന്നത്‌ കേള്‍ക്കാം
കെട്ടിപ്പിണഞ്ഞു കിടക്കുന്ന പുല്ലിന്റെ ഏകാന്തത
ചുറ്റുപാടും പരക്കുമായിരിക്കും
കുറ്റിയില്‍ കെട്ടിയ പശുവിന്റെ ഏകാന്തത
അതിനെ കാര്‍ന്നുതിന്ന്‍ ഒരു വട്ടമാക്കും.

കവുങ്ങുകള്‍ തൊട്ടടുത്ത കവുങ്ങിനോട്
വര്‍ത്തമാനം പറയുന്നത് കണ്ടിട്ടുണ്ട് -
ഏകാന്തത പകുത്തു കൊടുക്കുകയാവണം.
കരിമ്പനകള്‍ ഒറ്റക്കുനിന്നലറും
തെങ്ങുകള്‍ തേങ്ങയും മടലും വലിച്ചെറിയും
വള്ളികളുടെ  ഏകാന്തത
പിരിയന്‍ ഗോവണിയുണ്ടാക്കി
അതില്‍ കയറിപ്പോകും.

തൃശ്ശൂര്‍ പൂരത്തിനു നടുവില്‍ നിന്നുകൊണ്ടൊരാള്‍
ഏകാന്തതയുമായി സല്ലപിക്കുന്നത്
മേളപ്പെരുക്കങ്ങള്‍ക്ക് തലകുലുക്കുന്നതിനിടയിലും
ഇലഞ്ഞിമരം ശ്രദ്ധിക്കുന്നത് കണ്ടു.

വെട്ടിവീഴ്ത്തിയ വലിയോരേകാന്തതയെ
മഴുകൊണ്ട് വെട്ടിക്കീറി
അതിന്മേല്‍ കിടന്ന്‍
അഞ്ചരയടി ഏകാന്തത കത്തുമ്പോള്‍
ആകാശത്തോളം
ഒരു പുകമരം വളരുന്നതും
ഇതാ,ഇപ്പോള്‍ നോക്കിനില്‍ക്കുന്നു.

(കടപ്പാട്: ശാന്തം മാസിക,2014,സപ്തംബര്‍)

Wednesday, July 30, 2014

ഒട്ടകപ്പക്ഷിയെ കണ്ടിട്ടില്ല..


എന്റെ നാളിലെ പക്ഷിയല്ല
വീട്ടുപക്ഷിയും നാട്ടു പക്ഷിയുമല്ല
പണ്ടു തൊട്ടേ ഭാഷയിലുണ്ടാ പക്ഷി
ചെറുപ്പം തൊട്ടേ പുസ്തകത്തിലുണ്ട്
കാഴ്ച ബംഗ്ലാവിലുണ്ടെന്ന് കേട്ടിട്ടുണ്ട്
സിനിമയിലും  ടെലിവിഷനിലും
അവഓടി നടക്കുന്നു
തലപൂഴ്ത്തി ലോകത്തെ ഇല്ലാതാക്കുന്നു
ഒട്ടകപ്പക്ഷിയുടെ വേഷം കെട്ടി
അതിനെ പറ്റിക്കാന്‍ പോകുന്നൊരു പാവത്താനെ
ഒരു  സിനിമയില്‍ കണ്ടു*
അയാളാണ്   തീവിഴുങ്ങിപ്പക്ഷി.

കാണാതെയും
എന്നോടൊപ്പമുണ്ടാ പക്ഷി
തല മണലില്‍ പൂഴ്ത്തി നില്‍ക്കുന്ന എന്നെ
പക്ഷിയല്ലാത്തൊരാ പക്ഷി,
മൃഗമല്ലാത്ത മൃഗം
അദൃശ്യനാക്കി മാറ്റുന്നു.

ഗരുഡനും ജടായുവും വിഹരിക്കുന്ന
അതേ ശബ്ദ താരാവലിയില്‍
ഒട്ടകപ്പക്ഷിയും  ഓടി  നടക്കുന്നു
വല്ലപ്പോഴും  വലിയൊരു മുട്ടയിട്ട്
അതെടുക്കാന്‍ വരുന്നവനെ കൊത്തിയോടിക്കുന്നു .
____________
*സോങ്ങ് ഓഫ് സ്പാരോസ്-മജീദ്‌ മജിദി
(ഉള്ളെഴുത്ത്  ജൂലൈ 2014)

Friday, March 28, 2014

ശശികലയുടെ വീട്













ശശികലയുടെ വീടിനുമുന്നിലൂടെ  ബസ്സില്‍ പോകുമ്പോള്‍
ഇടതു വശത്തിരുന്നാൽ
മുറ്റത്തേക്ക് ഒന്നു പാളി നോക്കാം
അവള്‍ ചവിട്ടിക്കയറുന്ന ഒതുക്കുകള്‍
അവളഴിച്ചിട്ട ചെരുപ്പുകള്‍
അലക്കിയിട്ട അവളുടെ പാവാടയും കുപ്പായവും
ഒറ്റക്കണ്ണുകൊണ്ടെല്ലാം കണ്ടു തീര്‍ക്കും.
കോതിവലിച്ചെറിഞ്ഞ മുടിയിഴകള്‍
കൊഴിഞ്ഞു നിലത്തുവീണ പൊട്ട്
വെട്ടിയിട്ട നഖങ്ങള്‍
പാദസരത്തിലെ കൊഴിഞ്ഞുവീണ ഒരു മണി
മറെറ കണ്ണുകൊണ്ടതെല്ലാം പെറുക്കിയെടുക്കും.
അപ്പോഴേക്ക് ബസ്സ് ഇറക്കമിറങ്ങി വയലിലെത്തും.

തിരിച്ചുവരുമ്പോള്‍ രാത്രിയാവും.
കയറ്റം കയറുന്ന ബസ്സിൽ വലതുഭാഗത്തിരുന്ന്
അവളുടെ ഉറങ്ങുന്ന വീട് കാണും
ഇരുട്ടില്‍ അവള്‍ക്കുചുറ്റും ഒരു പ്രഭാവലയം
മിന്നാമിന്നിയായി പറന്നു നടക്കും
ബസ്സിനു പുറകേ കുറേ ദൂരം പറന്നു വരും

കാലത്ത് മുറ്റമടിക്കാന്‍ വരുമ്പോള്‍
ഉരുണ്ടു കളിക്കുന്ന രണ്ടു കണ്ണുകള്‍ കണ്ട്
അവള്‍ പെണ്മക്കളെ രണ്ടാളെയും വിളിക്കും
അമ്മയിന്നലെ കണ്ട സ്വപ്നത്തില്‍
മുറ്റത്തു കളഞ്ഞുപോയ
കണ്മണികളെന്നു പറഞ്ഞ് കോരിയെടുക്കുമ്പോള്‍
അവ  ആലിപ്പഴം പോലെ അലിഞ്ഞു പോകും
അമ്മയ്ക്ക് പ്രാന്തെന്ന് കുട്ടികള്‍ കളിയാക്കും
അതു ശരിയെന്ന് അച്ഛനും ഏറ്റുപിടിക്കുമ്പോള്‍
കളഞ്ഞുപോയ കണ്ണിനുടമയെ വിളിക്കാന്‍
അവള്‍ വീട്ടിനുള്ളിലേക്കോടും
കണ്ണടച്ചവളമര്‍ത്തുന്ന നമ്പര്‍
നേരം വൈകിയുറങ്ങിയ അയാളെ
ഒരു വിറയലായി ഉണര്‍ത്തും.

(കടപ്പാട്:ചന്ദ്രിക ആഴ്ചപ്പതിപ്പ് ,15 മാര്‍ച്ച് 2014)