Monday, July 30, 2012

തോന്നും പടി ആകാശവും ഭൂമിയും ശബ്ദതാരാവലിയും


തോന്നും പടിയാണാകാശം.
കാലിഡോസ്കോപ്പില്‍ പതിച്ചു കിട്ടിയ
നിറങ്ങളും രൂപങ്ങളും
എണ്ണിത്തിട്ടമാക്കുമ്പോഴേക്ക്
ഏതൊ കൈ അത് തട്ടി മാറ്റും.
ഭ്രാന്തു പിടിക്കാതിരിക്കുന്നതെങ്ങനെ?
മേഘങ്ങളുരുണ്ടുകൂടി
ആനക്കൂട്ടങ്ങളാവുന്നതും
 തുമ്പിക്കൈകള്‍ ചീറ്റി
മഴ പെയ്യിക്കുന്നതും
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മി വിളിക്കുന്നതും
മേഘങ്ങളുടെ കീശയില്‍
പ്രണയ ലേഖനമിട്ടുകൊടുക്കുന്നതും
നിലാവ് ഒരു പുഴയായി നീരാടാന്‍ വിളിക്കുന്നതും...
 ഭ്രാന്തനല്ലാതാര്‍ക്കു തോന്നുമിതെല്ലാം.

2

തോന്നും പടി തന്നെ ഭൂമിയിലും.
പച്ച മാഞ്ഞ് മഞ്ഞയും കറുപ്പുമാവുന്നു
മലകള്‍ നദികളാവുന്നു
നദികള്‍ കടലുകളാവുന്നു
കടല്‍ മലകളായി മടങ്ങിവരുന്നു.
കാലത്തെ ഓടിത്തോല്പിക്കുന്ന വണ്ടികള്‍
സ്ഥലത്തെ പറത്തിവിടുന്ന വിമാനങ്ങള്‍
ഒരു ചിറകാകാശം,
മറു ചിറകു ഭൂമിയെന്നു
പറക്കുന്ന പക്ഷികള്‍.
ഉരുണ്ടുരുണ്ടു പരന്നു പോയ ഭൂമി.
ഭ്രാന്തു തന്നെ കാണുന്നതൊക്കെയും.

3

ആകാശത്തിലോ ഭൂമിയിലോ
ഭ്രാന്തന് കുടികിടപ്പില്ല.
അനന്ത കാലം
വട്ടം ചുറ്റിയെറിയുമ്പോള്‍
ഇത്തിരി സ്ഥലം പതിച്ചുകിട്ടാനാണ്
ഇറങ്ങിയോടൂന്നത്.
ചങ്ങലയിഴഞ്ഞ പാടുകളും
അകന്നവരും അടുത്തവരും
അടുത്തുവരാതെ നോക്കി നിന്നവരും
പുറകെയോടിയ ആരവങ്ങളും കൊണ്ട്
 മടങ്ങിയെത്തി,
അതിനെ കാലം കൊണ്ടു പെരുക്കി,
ആരും കണ്ടു പിടിക്കാത്തൊരുസ്ഥലമാക്കും.

4

ഭ്രാന്തന്റെ സ്ത്രീലിംഗമെന്തെന്ന്
തര്‍ക്കിക്കുമ്പോള്‍
അകത്തെ മുറിയില്‍ നിന്ന്
ഒച്ചയില്ലാതൊരൊച്ച ഇഴഞ്ഞുവരും.
എങ്ങും ഓടിപ്പോകാത്തവള്‍
ഒരിടവും വെട്ടിപ്പിടിക്കേണ്ടാത്തവള്‍
ഇടക്കിടെ കൈയും കാലും കുടയുമൊച്ചയ്ക്ക്
കാല്‍ത്തളക്കിലുക്കം
കൈവളക്കിലുക്കം
എന്നൊക്കെ വിളിക്കും
തോന്നും പടിയുള്ള
നമ്മുടെ ശബ്ദതാരാവലിയില്‍.
----------------------
(കേരള കവിത 2011-2012)

2 comments:

  1. എങ്ങും ഓടിപ്പോകാത്തവള്‍
    ഒരിടവും വെട്ടിപ്പിടിക്കേണ്ടാത്തവള്‍. ഇഷ്ടമായി.

    ReplyDelete
  2. ഭ്രാന്തനല്ലാതാര്‍ക്കു തോന്നുമിതെല്ലാം

    ശരിയാണ്‌ ഒരുതരം ഭ്രാന്തു തന്നെ.

    ReplyDelete