Wednesday, November 30, 2016

കോയാമു 60 വയസ്സ്













കോയാമുവിനൊപ്പം
കരഞ്ഞു പിറന്നതാണ് കേരളം.
അവന്‍ കമിഴ്ന്നപ്പോഴേക്കും
ഇ.എം.എസ്.മുഖ്യമന്ത്രിയായി തലയുയര്‍ത്തി
പത്താണ്ടു കഴിഞ്ഞ്
നക്സല്‍ബാരിയില്‍ കലാപമുണ്ടായി,
ഇരുപതാം വയസ്സില്‍
അടിയന്തിരാവസ്ഥയില്‍
ഓര്‍മ്മ ഇരുട്ടത്തായി
നേരം വെളുത്തപ്പോള്‍ നക്സലൈറ്റായി
മുപ്പതാം വയസ്സില്‍  സര്‍ക്കാര്‍ ജോലി കിട്ടി,
പ്രേമിച്ച പെണ്ണിനെത്തന്നെ കെട്ടി.

പിറവിയില്‍ പിന്നിലായ ഞാന്‍
കോയാമുവിനൊപ്പം വളര്‍ന്നില്ല.
ചൈനീസ് ആക്രമണവും
നെഹ്രു മരിച്ചതും
പാര്‍ട്ടി പിളര്‍ന്നതുമൊക്കെ
കോളേജിലെത്തിയിട്ടാണറിഞ്ഞത്
അപ്പോഴെക്കും കൂട്ടുകാരും കുടുംബക്കാരുമൊക്കെ
അറബി നാട്ടിലേക്ക് കപ്പല്‍ കയറിയിരുന്നു
അവിടെ നിന്ന്‍  വന്ന പുതിയ പിഞ്ഞാണ പാത്രങ്ങളില്‍
കഞ്ഞി വിളമ്പാന്‍ തുടങ്ങി.

2
ചുരം കയറി വയനാട്ടിലെത്തുമ്പോള്‍
കാടിറങ്ങി വന്ന ശൂന്യത
നാട്ടിലും വീട്ടിലും വയലുകളിലും
കളിച്ചു തിമിര്‍ക്കുകയായിരുന്നു,
എല്ലാവരും ചുരമിറങ്ങുകയായിരുന്നു.
എനിക്കു മുന്‍പേ അവിടെയെത്തി
കോയാമു എന്നെ കാത്തുനിന്നു.
പുതിയ കുടിയേറ്റക്കാരനെ
പഴയ കുടിയേറ്റക്കാരന്‍ ചുഴിഞ്ഞു നോക്കി.
വയനാട് കേരളത്തെ വളയുമെന്നൊക്കെ
അവന്‍ പറയുന്നുണ്ടായിരുന്നു..
ബ്രഹ്മഗിരിക്ക് മുകളില്‍ കയറിയാല്‍
ഇപ്പോഴും കാണാം  നക്സല്‍ ദേശം.
വീണ്ടും നോക്കിയാല്‍ ചൈനയും  കാണാം .

3
കോയാമുവുമായുള്ള തര്‍ക്കങ്ങള്‍ക്ക്
ജീവിതമെന്ന് പേരിട്ടാല്‍
എന്നെപ്പോലെയുണ്ടാവും.
ഞാന്‍ ചുരം കയറുമ്പോള്‍
അവന്‍ ചുരമിറങ്ങിക്കൊണ്ടിരിക്കും .

ഞങ്ങള്‍ രണ്ടാളും കൂടി പണിപ്പെട്ടിട്ടും
സോവിയറ്റ് യൂണിയന്‍ തകര്‍ന്നു തരിപ്പണമായി.
ഗോര്‍ബച്ചേവും യെത്സിനുമാണ്
എല്ലാറ്റിനും കാരണമെന്ന് കണ്ടു പിടിച്ചു.
സ്റ്റാലിന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍
കാണാമായിരുന്നെന്ന് വെല്ലുവിളിച്ചു.
സോവിയറ്റ് നാട് മാസികയുടെ
മിനുമിനുത്ത പഴയ ലക്കങ്ങള്‍ മറിച്ചു നോക്കി
അന്ന് രാത്രിഞങ്ങളുറക്കമില്ലാതെ കിടന്നു.
4
മൊബൈല്‍ സ്ക്രീനില്‍
ചീനാദേശത്തെ
ഒന്ന് തോണ്ടി വിടുന്നു.
ദേശമല്ലാത്ത ദേശങ്ങളിലേക്ക് സഞ്ചരിക്കുന്നു.
ഞങ്ങള്‍ പൊട്ടിച്ച ചീനപ്പടക്കവും
ഞങ്ങളെ ഉപ്പിലിട്ട ചീനഭരണിയും
പൊരിച്ചെടുത്ത ചീനച്ചട്ടിയും വീണ്ടുമോര്‍ക്കുന്നു.

ഫേസ് ബുക്കിലുണ്ട്  ഇപ്പോള്‍ ഞങ്ങള്‍ രണ്ടാളും.
മുടി കറുപ്പിച്ച് കോയാമുവും
നരച്ചു വെളുത്ത് ഞാനും.
പുതിയ നാടുകള്‍ കണ്ടെത്തുകയാണ്.
ആണ്‍കുട്ടികളേ
പെണ്‍കുട്ടികളെ
ബാക്കിയുള്ളോരെ
കൂട്ടുകാരാക്കുമോ
ഞങ്ങളെകൂടി?

(മാധ്യമം വാരിക,2016 നവമ്പര്‍ 21)

Saturday, July 16, 2016

ബംഗാളി മൂലം



കല്‍ക്കട്ട തിസീസും നക്സല്‍ ബാരിയും
അപ്പപ്പോള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കാര്യം
മുറ്റത്തു നില്‍ക്കുന്ന ബംഗാളിക്കറിയില്ല

മുഷിഞ്ഞ വേഷം മുഷിഞ്ഞ മുഖം
അയാള്‍ക്കെന്തെങ്കിലും പണി വേണം.

ഒരു കാലത്ത് എന്റെ മക്കളും മരുമക്കളും
അമ്മാവന്മാരും ബംഗാളിലായിരുന്നു.
കേരളമെന്നു കേട്ടാല്‍ ചോര തിളക്കും മുന്‍പ്
ബംഗാള്‍ ചോര തിളപ്പിച്ചു.
നക്സല്‍ ബാരിക്കു ശേഷമാണ്
കയ്യൂരും വയലാറുമൊക്കെ ഉണ്ടായത്.
ആരുമൊന്നും വിവര്‍ത്തനം ചെയ്തു തന്നില്ല.
ആനന്ദ മഠം,ആരോഗ്യ നികേതനം,
നെല്ലിന്റെ ഗീതം
തീവണ്ടി കാണാനോടുന്ന ദുര്‍ഗ്ഗ
നദിയുടെ മറുകര നോക്കിനില്‍ക്കുന്ന ഘട്ടക്ക്
ബനലതാസെന്‍..
ബംഗാള്‍ മൂലത്തില്‍  എല്ലാം മനസ്സിലായിട്ടും
സാംബശിവന്റെ വിവര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍
പൂരപ്പറമ്പുകളില്‍ ഉറക്കമൊഴിച്ചു.

ജനഗണമന പാടുമ്പോള്‍ എഴുന്നേറ്റ് നിന്ന്
ദേശീയതയെ വിവര്‍ത്തനം ചെയ്തു

ബംഗാളി നെല്ല്  വിതയ്ക്കുന്നു,കൊയ്യുന്നു ,മെതിക്കുന്നു.
 അവനെല്ലാം അതിവേഗം ബംഗാളിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ്.
നമ്മളു കൊയ്യും വയലെല്ലാം എന്ന പാട്ടുമുണ്ടതില്‍.

........
(മാദ്ധ്യമം ആഴ്ചപ്പതിപ്പ് ജുണ്‍ 27)

Sunday, July 3, 2016

മഴയും ടീച്ചറും

മഴയെന്നു പേരുള്ളകുട്ടിയെ
നേരം വൈകിയാലും  ടീച്ചര്‍ പുറത്തുനിര്‍ത്തില്ല
ഹാജര്‍ പുസ്തകത്തില്‍ അവള്‍ക്കു നേരെ മാത്രം
ചുവന്ന വര വീഴാതെ നോക്കും

കൂട്ടുകാരവള്‍ക്കായൊതുങ്ങിക്കൊടുക്കും
സ്കൂളുവിട്ടാല്‍ അവള്‍ക്കൊപ്പം  നനയാനിറങ്ങും
ചിലര്‍ കുടയെടുക്കും, മഴയെ തടുക്കും
ചിലര്‍ ചോരുന്നവീട്ടില്‍ പാത്രങ്ങള്‍ നിരത്തും
ചിലരതില്‍ ജലതരംഗം വായിക്കും.

അവിടെ മഴയുണ്ടോ എന്ന
നീല ഇന്‍ലന്‍ഡിലെ പഴയ ചോദ്യം
ടീച്ചര്‍ക്കോര്‍മ്മവരും
അന്നത്തെ കാമുകിയെ മറിച്ചു നോക്കും
ഹാ! ഒരുമിച്ചുനനഞ്ഞ മഴയെന്നു പിറുപിറുത്ത്
വേനല്‍ക്കാലവരമ്പിലെ വിഷാദസന്ധ്യയിലേക്ക്
പറന്നിറങ്ങാന്‍നോക്കുമ്പോള്‍
ക്ളാസ്സില്‍ അച്ചടക്കമില്ലാത്ത ഒരു മഴയിരമ്പമുയരും
മേശപ്പുറത്തടിച്ച് അത് നിശ്ശബ്ദമാക്കും

പെരുമഴയായി ഉയര്‍ന്ന ക്ലാസ്സിലേക്കവള്‍  പേരുവെട്ടിപോകുമ്പോള്‍
 പ്രാര്‍ത്ഥനയായി ടീച്ചര്‍ പിന്നാലെചെല്ലും
വെയിലല്ലാതാകാശമല്ലാതൊരു കുടയും ചൂടാതെ
അവള്‍ പോകുന്നത് നോക്കിനില്‍ക്കും
പോകുന്നപോക്കില്‍കൊഴിഞ്ഞ അവളുടെ പാദസരമണി
ഒറ്റക്കണ്‍ നോട്ടത്താല്‍ പെറുക്കിസൂക്ഷിക്കും
മറ്റേക്കണ്ണിനാല്‍  ക്ലാസ്സ് നിശ്ശബ്ദമാക്കും.

(കലാപൂര്‍ണ്ണ മാസിക,മെയ് 2016)

Sunday, February 28, 2016

ആനക്കരയിലെ മരങ്ങള്‍


കൊച്ചിയില്‍ വൃക്ഷങ്ങള്‍ തലയാട്ടി നിന്ന അതേകാലം
ആനക്കരയിലും ആകാശം തൊടുന്ന
ചില മരങ്ങളുണ്ടായിരുന്നു.

നരേന്ദ്രനും ഞാനും ആ മരച്ചോട്ടിലൂടെ നടന്നു
നീണ്ട കാലുകളുള്ള നരേന്ദ്രന്‍
ഓടുംപോലെ നടക്കുമ്പോള്‍
ഒപ്പമെത്താന്‍ ഞാനുമോടി.
എറിഞ്ഞിടത്ത് കൊള്ളുന്ന ഉന്നം കൊണ്ടവന്‍
ഞാവല്‍പ്പഴം വീഴ്ത്തും
ചവര്‍പ്പു തൊണ്ടയില്‍ വയലറ്റു നാവ് കൊണ്ട്ട്
 കഥ കെട്ടി പറയും.
എന്റെ പണി മൂളലാണ്
കഥ പറഞ്ഞവന്‍ തളരും
മൂളി മൂളി ഞാനും.

ആനക്കര വടക്കത്തെ
അമ്മു സ്വാമിനാഥന്‍,ക്യാപ്റ്റന്‍ ലക്ഷ്മി
സുഭാഷിണി അലി,കുറ്റിപ്പുറം പാലം,
ഇടശ്ശേരി,കേളപ്പന്‍,ഗോവിന്ദന്‍ വഴി
പൊന്നാനിയിലെത്തുമ്പോഴേക്കും
ഞങ്ങളുടെ ശരീരം ഉപ്പുകുറുക്കി തളരും
സ്വാതന്ത്യം നേടി രണ്ടുദേശങ്ങളായി പിരിയും.

കഥയുടെ ചുറ്റുകോണിയില്‍ കയറി കുന്നിന്‍ പുറത്തെക്ക്
അതിവേഗം കയറിപ്പോകും മുന്‍പ് അവന്‍ പറഞ്ഞു:
ഒരിക്കല്‍ ഞാവല്‍പ്പഴങ്ങളെപ്പറ്റി
കഥയെഴുതും,അല്ലല്ല ഒരുകവിത.
ഒപ്പമെത്താതെ ഞാനുമെന്റെ മൂളലുംതാഴെ കിതച്ചു നില്‍ക്കുമ്പോള്‍
ഒറ്റച്ചാട്ടത്തിനവന്‍ ഒരു മല മറികടന്നു.
അതുകണ്ട് വീട്ടിലെത്തി
മരക്കോണിയുടെ ഇളകുന്ന പടികള്‍ കയറുവാന്‍ നോക്കി
രണ്ടു പടി കയറി, ഒരു പടിഇറങ്ങി
ഒരു പടി കയറി,രണ്ടു പടി ഇറങ്ങി
ഉയരം കണ്ട് പേടിപൂണ്ടു.

നീയിപ്പോഴും കഥകള്‍ പറയുന്നു
വലിയമരങ്ങള്‍ക്കൊപ്പം നടക്കുന്നു
എനിക്കു മാത്രമല്ലാതെ നീ പറയുന്ന കഥകള്‍ക്കും
ഞാന്‍ മൂളിക്കൊണ്ടിരിക്കുന്നുണ്ട്.
 കേള്‍ക്കാത്ത ഉയരത്തിലാണ് നീ എന്നേയുള്ളു.
ആയിരം മൂളക്കങ്ങളില്‍ നിന്ന്
എന്നെ  തിരിച്ചറിയുന്നില്ലെന്നേയുള്ളു

ഹാ! ആനക്കരയിലെ ഞാവലുകള്‍
അതിന്‍ വയലറ്റു ചവര്‍പ്പ്
എന്നൊക്കെ നീ ഓര്‍മ്മകള്‍ വരയുമ്പോള്‍
ഞാനതിന്‍ ചുവട്ടില്‍ എന്നെയും കൊണ്ടുപോയി നിര്‍ത്തുന്നു
ഒരുകാലത്ത് നമ്മളൊന്നിച്ചനുഭവിച്ച തണലും വെയിലുമെന്നു കരുതുന്നു
ഒരു നാടോടിക്കാറ്റ് ഉന്നമില്ലാത്ത എനിക്ക്
നാലഞ്ചു ഞാവല്‍പ്പഴങ്ങള്‍ വീഴ്ത്തിത്തരുന്നു.

ഇതായിരിക്കാം നീ എഴുതുമെന്ന് പണ്ട് പറഞ്ഞ ആ കവിത.
ആ കാറ്റ് നീയായിരുന്നെന്ന് കരുതിക്കോട്ടെ?
വെറുതെ.

Sunday, November 29, 2015

ചില്‍ഡ്രന്‍സ് പാര്‍ക്ക്


കളി പാതിയാക്കി കുട്ടികള്‍  മടങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍
ഒഴിഞ്ഞ കളിത്തട്ടുകളും ഊഞ്ഞാലുകളും കളിക്കോപ്പുകളും.
കുട്ടികള്‍ പോയിട്ടും കളിക്കോപ്പുകള്‍ അടങ്ങിയിരിക്കുന്നില്ല.
ഒരു പന്ത് എങ്ങോട്ടുരുളണമെന്ന് ശങ്കിച്ച്,
ഊഞ്ഞാല്‍ ഉയരുകയാണോ താഴുകയാണോ എന്നന്തം വിട്ട്,
കളിത്തട്ട് പൊങ്ങണോ താഴണോ എന്ന് സംശയിച്ച്.

2.
അടുത്തകൊല്ലം വരാമെന്ന് പറഞ്ഞ്
അവധി തീരും മുമ്പേ കുട്ടികള്‍ പോയി.
മാവിന്‍ ചുവട്ടിലും മുറ്റത്തിന്റെ മൂലയിലുമൊക്കെ
മണ്ണപ്പവും പ്ളാവിലക്കയ്യിലും പാത്രങ്ങളും.

മടങ്ങിവരാം,എന്നിട്ട് വേവ് നോക്കാം
ഊഞ്ഞാലില്‍ ഒരു വട്ടം കൂടി ആടാം
മാവിനൊരു കല്ലെറിയാം എന്നൊക്കെ കരുതി
ഇത്തിരി വെള്ളം കുടിച്ചു വരാന്‍ വീട്ടിനുള്ളിലേക്കോ
ബെല്ലടിക്കുന്നത് കേട്ട് സ്ക്കൂളിലേക്കോ ഓടിപ്പോയവര്‍
പിന്നെ മടങ്ങാന്‍ മറന്നു.
മറന്നു മറന്ന് അവര്‍ മുതിര്‍ന്നവരായി
ജ്ഞാനവൃക്ഷത്തിന്റെ തുഞ്ചത്ത് പൂവിട്ടു.
3.
മരച്ചോട്ടില്‍ പുതിയൊരൂഞ്ഞാലിട്ട്
പുതിയകുട്ടികളെ കാത്ത്
വേരുകളില്‍ ചാഞ്ഞിരിക്കുമ്പോള്‍
ഒരു പന്ത് ഉരുണ്ടുരുണ്ടു വന്ന് കാലില്‍ തൊട്ടുവെന്ന് തോന്നി
പെട്ടെന്നുണര്‍ന്നതും
പന്ത് വലിയൊരു മോണിറ്റര്‍ സ്ക്രീനിലേക്കുരുണ്ടു പോവുന്നതും
ഒരു കുട്ടി ദൂരെയിരുന്നതിനെ നിയന്ത്രിക്കുന്നതും
ഊഞ്ഞാലും മരങ്ങളും പാര്‍ക്കുമതിന്റെപിന്നില്‍ മറയുന്നതും
കണ്ട് കണ്ടങ്ങനെ
ഒരിടത്തൊരു ചില്‍ഡ്രന്‍സ് പാര്‍ക്ക് .
(കടപ്പാട്:ചന്ദ്രിക ആഴ്ചപ്പതിപ് ,2015,നവമ്പര്‍ 7)


Wednesday, October 21, 2015

അത്ര ഭംഗിയിലല്ലാതെ.



അകാലക്രമത്തില്‍
ഓര്‍മ്മയില്‍ പെറുക്കിവെക്കുന്നു നിന്നെ.
നീയടുക്കിവെച്ച പാത്രങ്ങളും
ഇസ്തിരിയിട്ടുവെച്ച വസ്ത്രങ്ങളും
പൊടിതട്ടി വെച്ച പുസ്തകങ്ങളും പോലെ,
മാറാല തട്ടി എന്നെ സൂക്ഷിച്ച പോലെ,
അത്ര ഭംഗിയിലല്ലാതെ.
(ഇന്ന്‍ മാസിക, ഒക്ടോബര്‍,2015)

Friday, October 16, 2015

അജ്ഞാതഗോളത്തിലേക്കുള്ള ആദ്യവാഹനത്തില്‍



ഏഴാം നിലയില്‍ നിന്ന് ചാടാനൊരുങ്ങിയവളെ
ഒരു പക്ഷിയാക്കി പറത്തി വിട്ടു.
എത്ര ചാടിയിട്ടും അവള്‍ക്ക്  ഭൂമി തൊടാനായില്ല

വെള്ളത്തില്‍ ചാടാനൊരുങ്ങിയവനെ
ഒരു പരല്‍ മീനാക്കി
എത്ര മുങ്ങിയിട്ടും അവന്‍ പൊങ്ങി വന്നു

കുടിക്കാനൊഴിച്ച വിഷം വീഞ്ഞാക്കി മാറ്റിയതിനാല്‍
കുടിക്കുന്തോറും ലഹരി കൂടിവന്നു.
ജീവിതമെന്നപോലെ മരണത്തെയും മറന്നു.

പക്ഷേ പക്ഷികളും മീനുകളും മദ്യപരും
അവരെ കൂട്ടത്തില്‍ കൂട്ടിയതേയില്ല
മരിച്ചവരും ജീവിച്ചവരും ചേര്‍ന്ന്
ഭൂമിയില്‍ നിന്നവവരെ പുറത്താക്കി.
അജ്ഞാതഗോളത്തിലേക്കുള്ള ആദ്യവാഹനത്തില്‍
അവരെ കയറ്റി വിടാന്‍ തീരുമാനമായി.

(പടയാളി സമയം,സെപ്തംബര്‍ 2015)