Wednesday, November 24, 2010

ചിലപ്പോള്‍ ചെമ്പോത്ത്

കാണണമെന്നോര്‍ത്തിറങ്ങിയാല്‍
കണ്ടില്ലെന്നുവരും
ചിലപ്പോള്‍ ചെമ്പോത്തിനെ.
പക്ഷത്തില്‍ പാതിചുവപ്പായതിനാല്‍
മറുപാതി മാത്രം കറുപ്പായതിനാല്‍
കാക്കയേക്കാള്‍ ഭംഗിയുള്ള പക്ഷിയെന്നു
കേട്ടുകേള്‍വിയുണ്ട്.

ഓരോ നേരത്തോരോന്നു ചിലയ്ക്കും,
ലിപി കണ്ടുപിടിക്കാത്ത ഭാഷയില്‍.
പറക്കാറില്ല,കാക്കയെപ്പോലെ
കരയാറുമില്ല,തീരെ.
ഒരുകൊമ്പില്‍നിന്നടുത്തതിലേക്ക്
ചാടാന്‍ മാത്രം
ചുവന്നചിറകെന്തിനാണെന്ന്,
ആരെയും കടുപ്പിച്ചുനോക്കാതെ
ചുവന്ന കണ്ണെന്തിനാണെന്ന്,
ആര്‍ക്കുമറിയില്ല.

പാതിചുവന്നചിറകായതിനാല്‍
കാക്കക്കൂട്ടത്തിനു പുറത്തായി,
ആകെ ചുവക്കാത്ത ചിറകായതിനാല്‍
ചെമ്പക്ഷികളിലിടം കിട്ടാതെ,
പാടാത്തതിനാല്‍
കുയില്‍ക്കൂട്ടത്തില്‍ പെടാതെ,
പറക്കാത്തതിനാല്‍
പക്ഷികുലത്തിനും പുറത്താണ്
ചിലപ്പോല്‍ ചെമ്പോത്ത്.

ചുവന്നചിറകുമാത്രംവീശി
ചിലപ്പോളത്
പറപറക്കുന്നുണ്ടാവും.
ചിലപ്പോള്‍ കറുപ്പുചിറകിനാല്‍
ചിലപ്പോള്‍ രണ്ടും കൂടി.
അങ്ങനെ പറക്കുമ്പോള്‍
ചിലപ്പോള്‍ കുറുകും,ചിലയ്ക്കും.
പാടിയിട്ടുമുണ്ടാവും
ചിലപ്പോള്‍ ചെമ്പോത്ത്.
(കേരളകവിത/2010)