Friday, January 1, 2010

കലണ്ടര്‍ ജന്മം

പഴയ ചെരുപ്പും
പാട്ടക്കഷ്ണങ്ങളും
പെറുക്കി നല്‍കുമ്പോള്‍
പരാതികളും ഓര്‍മ്മകളും
പൊതിയാക്കിത്തരും നിങ്ങള്‍.
കഴിഞ്ഞ ജനുവരിയില്‍ വാങ്ങിയ
ഹവായ് എന്നും
പിറന്നാളിന് കിട്ടിയ
സമ്മാനമെന്നുമുള്ള ഖേദങ്ങള്‍,
അന്നു ഞായറായിരുന്നതും
മക്കളുമൊത്തിരുന്ന്
സിനിമകണ്ടതുമായ ഓര്‍മ്മകള്‍.
ഓര്‍മ്മകള്‍ക്കും ഒഴിവുകള്‍ക്കും
ചുവപ്പക്കമുള്ള കലണ്ടര്‍
പെട്ടെന്ന് പുറകോട്ടു മറിക്കും നിങ്ങള്‍
സ്ഥലകാലങ്ങളെ കൂട്ടിമുട്ടിക്കന്‍.

കള്ളികളും അക്കങ്ങളും
അച്ചടി മഷിയും
വീണ്ടും വീണ്ടും
ഒന്നുതൊട്ടുള്ള തുടക്കവുമാണ് കലണ്ടര്‍.
വാറുപൊട്ടിയ പഴയ ചെരുപ്പിലും
തുരുമ്പു പൊടിയുന്ന ഇരുമ്പിലും
കള്ളികളില്ലാത്ത
കലണ്ടര്‍ നിങ്ങള്‍ കാണില്ല.
കറുപ്പക്കങ്ങളും
ചുവപ്പക്കങ്ങളും പോലെ
(ആരാണവ കറുപ്പിച്ചത്
ആരാണവ ചുവപ്പിച്ചത്)
ചുവരില്‍ തൂക്കി നിര്‍ത്താനാവില്ല
ചുരുട്ടി വെക്കാനാവില്ല.
എന്നാല്‍ ഈ തുരുമ്പ്
തേഞ്ഞു തീര്‍ന്ന ഈ ചെരുപ്പ്
ആര്‍ക്കും കാണാം
തൊടാം
അളവെടുക്കാം
ഒന്നിലേക്കും മടക്കമില്ല.

ഈ ആക്രിക്കച്ചവടക്കാരിയെയും
നിങ്ങള്‍ ഓര്‍മ്മയുടെ കള്ളിയിലൊതുക്കും:
കഴിഞ്ഞാണ്ടില്‍ ഇതേ ദിവസമാണവള്‍
വന്നതെന്ന് വരഞ്ഞു വെക്കും.