Wednesday, November 24, 2010

ചിലപ്പോള്‍ ചെമ്പോത്ത്

കാണണമെന്നോര്‍ത്തിറങ്ങിയാല്‍
കണ്ടില്ലെന്നുവരും
ചിലപ്പോള്‍ ചെമ്പോത്തിനെ.
പക്ഷത്തില്‍ പാതിചുവപ്പായതിനാല്‍
മറുപാതി മാത്രം കറുപ്പായതിനാല്‍
കാക്കയേക്കാള്‍ ഭംഗിയുള്ള പക്ഷിയെന്നു
കേട്ടുകേള്‍വിയുണ്ട്.

ഓരോ നേരത്തോരോന്നു ചിലയ്ക്കും,
ലിപി കണ്ടുപിടിക്കാത്ത ഭാഷയില്‍.
പറക്കാറില്ല,കാക്കയെപ്പോലെ
കരയാറുമില്ല,തീരെ.
ഒരുകൊമ്പില്‍നിന്നടുത്തതിലേക്ക്
ചാടാന്‍ മാത്രം
ചുവന്നചിറകെന്തിനാണെന്ന്,
ആരെയും കടുപ്പിച്ചുനോക്കാതെ
ചുവന്ന കണ്ണെന്തിനാണെന്ന്,
ആര്‍ക്കുമറിയില്ല.

പാതിചുവന്നചിറകായതിനാല്‍
കാക്കക്കൂട്ടത്തിനു പുറത്തായി,
ആകെ ചുവക്കാത്ത ചിറകായതിനാല്‍
ചെമ്പക്ഷികളിലിടം കിട്ടാതെ,
പാടാത്തതിനാല്‍
കുയില്‍ക്കൂട്ടത്തില്‍ പെടാതെ,
പറക്കാത്തതിനാല്‍
പക്ഷികുലത്തിനും പുറത്താണ്
ചിലപ്പോല്‍ ചെമ്പോത്ത്.

ചുവന്നചിറകുമാത്രംവീശി
ചിലപ്പോളത്
പറപറക്കുന്നുണ്ടാവും.
ചിലപ്പോള്‍ കറുപ്പുചിറകിനാല്‍
ചിലപ്പോള്‍ രണ്ടും കൂടി.
അങ്ങനെ പറക്കുമ്പോള്‍
ചിലപ്പോള്‍ കുറുകും,ചിലയ്ക്കും.
പാടിയിട്ടുമുണ്ടാവും
ചിലപ്പോള്‍ ചെമ്പോത്ത്.
(കേരളകവിത/2010)

Thursday, October 14, 2010

കുടിയേറ്റം

കിണറുപോലെ
കുഴിച്ചുപോയിട്ടും
വലയിട്ടു വലിച്ചെടുത്തും
ആകാശത്തു പറന്നുപിടിച്ചും
കുടിയേറ്റം നടത്താമെന്ന്
കാരണവന്മാര്‍ക്കുമറിയാമായിരുന്നു.

കിണറിന്റെ ഓരോ വളയവും
ഓരോ തലമുറയായിരുന്നു.
പാതാളക്കരണ്ടികൊണ്ടിളക്കിയാല്‍
അടിയില്‍ നിന്ന് കേള്‍ക്കുന്ന
അസ്ഥിയില്‍ തട്ടുന്ന ഒച്ചയുള്ള
ആ കിണറ്റിലെ ജലമാണ്
ഞങ്ങള്‍ കുടിച്ചതും കുളിച്ചതും
കൃഷി നനച്ചതും.

വയലിലിലെ തോട്ടില്‍
കണ്ണിയടുപ്പമുള്ള വലയെറിഞ്ഞാല്‍
ചില പൊടിമീനുകള്‍ കുടുങ്ങും.
പേരറിയാത്ത ആ മീനുകള്‍ക്കുള്ളില്‍
ഏതുമുതുമുത്തശ്ശിയുടെ
ഇല്ലാത്ത പേരായിരുന്നെന്ന്
വായിക്കാനായാല്‍ പിന്നെ
വയലും തോടും മീനുമുള്ള
ആ ഭൂമി ഞങ്ങള്‍ക്കു സ്വന്തം.

ആകാശത്തേക്കു പറത്തിവിട്ട
കടലാസുവിമാനങ്ങള്‍
മടങ്ങിവരുമ്പോള്‍
അവയില്‍ ചിലതിന്
ചിറകുറച്ചിട്ടുണ്ടാവും
ചിലതിന് ചുണ്ടും കൊക്കുമുണ്ടാവും.
ഏതുതലമുറയിലെ
കാരണവരായിരുന്നെന്ന്
കരച്ചില്‍ കേട്ടാലറിയാം.
കടലാസുപക്ഷി പറന്ന ദൂരവും
ഞങ്ങള്‍ വളച്ചെടുക്കും.

അങ്ങനെ ഞങ്ങല്‍ നേടിയതാണീ
ഭൂമിവിസ്താരമൊക്കെയും.
മറിച്ചുവില്‍ക്കാനാവില്ല
രഹസ്യവാക്കിന്റെ
താക്കോലിട്ടു തുറന്ന്
ഞങ്ങള്‍ക്കുമാത്രം പ്രവേശിക്കാം.
(തോര്‍ച്ച മാസിക-ആഗസ്ത്/സെപ്തംബര്‍ 2010)

Monday, September 27, 2010

വി.മോഹനകൃഷ്ണന്റെ കവിത/സാബുഷന്മുഖം .


(ശ്രി.സാബു ഷണ്‍ മുഖം ഫേസ് ബുക്കിലെഴുതിയ കുറിപ്പ്) ഒരുപാട് കാഴ്ചകള്‍ .ഒരുപാടുകാലങ്ങള്‍ .പടവുകള്‍ .പിരിവുകള്‍ .കാടും മഴയും പക്ഷിയും ഓര്‍മയും .ഇവയെല്ലാം കൂടിച്ചേര്‍ന്ന സഞ്ചാരപഥങ്ങളാണ് വി .മോഹനകൃഷ്ണന്റെ കവിതകള്‍ .'പഴയ ചെരുപ്പും പാട്ടകഷ്ണങ്ങളും'ചിലപ്പോള്‍ ചിതറി വീഴും .'സൂര്യന്‍ഒരാകാശത്താമര' നീട്ടും .വര്‍ഗീസ്സും കക്കയവും ടിയാന്‍ മെന്‍ സ്ക്വയറും പിടഞ്ഞെത്തും .ജാനുവും 'ഹിമഗിരിവിഹാരവും' സനില്‍ദാസും ഗുഹനും തിരനോട്ടം നടത്തും.

ഒരു മരത്തെ ദൃശ്യമാക്കുന്ന ,ഒരുമഴത്തുള്ളിയെ പിടിച്ചെടുക്കുന്ന ,ഓരോര്മ്മയെ മട്ടുംഓര്‍മ്മിക്കുന്ന ,പാര്ശ്വവല്‍കരണങ്ങളില്‍ നിന്നും ഒരുകാഴ്ച്ചയെ മാത്രം തിരഞ്ഞെടുക്കുന്ന ....ക്ളോസപ്പ് ഷോട്ടുകളല്ല മോഹനകൃഷ്ണന്റെ കവിതകള്‍ .'വയനാട്ടിലെ മഴ 'എന്ന അയാളുടെ കാവ്യ സമാഹാരത്തിലെങ്ങും ലോങ്ങ്‌ ഷോട്ടുകളാണ് .ആ ലോങ്ങ്‌ ഷോട്ടുകളില്‍ കാട് മുഴുവനും .പക്ഷിച്ചിറകുകള്‍ നിറയെ.ഒത്തിരി മഴകള്‍. എണ്ണമറ്റ പരാജിതര്‍ .

ചരിത്രം ചതിച്ചവര്‍.

'പല പല പക്ഷികള്‍

പലതരം ജന്മങ്ങളും

തൂവലുകള്‍ പൊഴിച്ച്

പറന്നു പോകുന്നു '

ഒരേയിടങ്ങളെ പലയാങ്ങിളില്‍ ഈകവിതകള്‍ കാണിച്ചു തരുന്നു.ഒരു കാലത്തെ പലകാലങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നു .ഒരുയാത്രയെ പലയാത്രകളായിരൂപാന്തരപ്പെടുത്തുന്നു.

'സൂപര്‍ ഫാസ്റ്റ് ബസ്സുകളില്‍

സഞ്ചരിച്ചു തീരാത്ത ദൂരങ്ങള

്‍തീവണ്ടിയില്‍

കപ്പലില്‍ ജലോപരിയും

ആകാശവിതാനത്തില്‍ വിമാനത്തിലും

കൂട്ടിനാരുമില്ലാതെ കാട്ടിലും

കീഴോട്ടും മേലോട്ടും

സമാന്തരമായും സഞ്ചരിച്ചു .'

പുറമേ സൌമ്യമെന്നു തോന്നാവുന്ന ഈ കവിതകള്‍ക്കുള്ളില്‍ അശാന്തിയുടെയും സംഘര്‍ഷങ്ങളുടെയും ചെത്ത്തിയെടുക്കലുണ്ട്.സമകാലികതയുടെ പ്രതിഘടനകളിലേക്കുള്ള അന്വേഷനങ്ങളുണ്ട് .'കൊയ്തൊഴിഞ്ഞുള്ള നെല്‍പ്പാടങ്ങളില്‍ കൂടി പൂതങ്ങല്‍ക്കൊപ്പം നടന്നു പോകും ഒറ്റു കാരന്‍ 'എന്ന തിരിച്ചറിവുണ്ട് .Inner politics എന്ന് Gerardo Mosquera യും Internal cultural reality of poetry എന്ന് Cristian Paulഉംവിവക്ഷിക്കുന്ന മിന്നല്‍ തിളക്കങ്ങള്‍ 'വയനാട്ടിലെ മഴക്കിടയിലുണ്ട്.'

ശ്രദ്ധിക്കപ്പെടേണ്ട ഒരുകവിയുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ കൊണ്ട് പ്രസക്തമായി തീര്‍ന്നിരിക്കുന്നു, ' വയനാട്ടിലെ മഴ.'

വയനാട്ടിലെ മഴ

(കവിതകള്‍-മെയ്‌ 2009 )

വി.മോഹനകൃഷ്ണന്‍ .

പ്രസാധനം :കറന്റ് ബുക്സ് ,തൃശൂര്‍ .

http://www.facebook.com/notes/sabu-shanmughom/vimeahanakrsnanre-kavitasabusanmukham-/152831888084187

Sunday, August 22, 2010

രാത്രി,ഉത്രാടരാത്രി

ഉത്രാടരാത്രി
ഉടലുള്ളരാത്രി
ഓര്‍മ്മയില്‍ നിന്റെ ആര്‍പ്പും വിളികളും
മുറ്റത്തിനപ്പുറം
വേലികള്‍ക്കപ്പുറം
കുന്നായിട്ടന്ന് കുന്നിച്ച രാത്രി
പാട വരമ്പില്‍ വഴുക്കിയ രാത്രി
ഉടല്‍ വളര്‍ന്നു കൊഴിയുന്ന രാത്രി
ഉത്രാടരാത്രി

ആരോടുചോദിക്കും
ചോദ്യങ്ങളെല്ലാം
ആരോടുമുത്തരം നല്‍കാത്തരാത്രി.

രാത്രികള്‍ക്കപ്പുറം രാത്രിയാം രാത്രി
ഇത്രനാളത്തെ ഞാനല്ല ഞാനും
നീയല്ല നീയും,ഉത്രാടരാത്രി.

ആവിഷ്ക്കരിക്കുവാനവാത്തരാത്രി
ഉത്രാടരാത്രി

Wednesday, May 5, 2010

പക്ഷി രാജന്‍

(പക്ഷി നിരീക്ഷകനായിരുന്ന രാജന്റെ ഓര്‍മ്മയ്ക്ക്)

പക്ഷിരാജനറിയാതെ
പറക്കില്ലൊരു പക്ഷിയും.
വിരിയില്ലൊരു മുട്ടയും.
എല്ലാമവന്റെ പക്ഷത്തിനു കീഴെ,
കാഴ്ചക്കു കീഴെ.
ജാനകിക്കു വേണ്ടി
ഒരുപക്ഷം മുറിച്ച്
ഭൂമിയിലേക്കു മടങ്ങിയതാണവന്‍.
ആകാശം കാണുവാന്‍
ഭൂമിയില്‍ നില്‍ക്കണമെന്നു പറഞ്ഞ്.

ഇന്ന് പക്ഷിരാജന്റെ
ഭാര്യയും കുട്ടികളും
പണിതീരാത്തൊരു കൂടിന്റെ
മുന്നില്‍ നില്‍ക്കുന്ന ചിത്രം
പത്രത്തില്‍ കണ്ണ്ടു.
നീ പറന്നു മറഞ്ഞ ആകാശം
ചാരനിറത്തിലവര്‍ക്കുമേലെ.
ഭൂമികാണുവാന്‍
ആകാശത്തുനില്‍ക്കുന്ന
ഒരുപക്ഷിയാണതെന്ന്
അവര്‍ക്കു തോന്നാതിരിക്കില്ല.

(പടയാളിസമയം മാസിക,ഏപ്രില്‍,2010)

Friday, January 1, 2010

കലണ്ടര്‍ ജന്മം

പഴയ ചെരുപ്പും
പാട്ടക്കഷ്ണങ്ങളും
പെറുക്കി നല്‍കുമ്പോള്‍
പരാതികളും ഓര്‍മ്മകളും
പൊതിയാക്കിത്തരും നിങ്ങള്‍.
കഴിഞ്ഞ ജനുവരിയില്‍ വാങ്ങിയ
ഹവായ് എന്നും
പിറന്നാളിന് കിട്ടിയ
സമ്മാനമെന്നുമുള്ള ഖേദങ്ങള്‍,
അന്നു ഞായറായിരുന്നതും
മക്കളുമൊത്തിരുന്ന്
സിനിമകണ്ടതുമായ ഓര്‍മ്മകള്‍.
ഓര്‍മ്മകള്‍ക്കും ഒഴിവുകള്‍ക്കും
ചുവപ്പക്കമുള്ള കലണ്ടര്‍
പെട്ടെന്ന് പുറകോട്ടു മറിക്കും നിങ്ങള്‍
സ്ഥലകാലങ്ങളെ കൂട്ടിമുട്ടിക്കന്‍.

കള്ളികളും അക്കങ്ങളും
അച്ചടി മഷിയും
വീണ്ടും വീണ്ടും
ഒന്നുതൊട്ടുള്ള തുടക്കവുമാണ് കലണ്ടര്‍.
വാറുപൊട്ടിയ പഴയ ചെരുപ്പിലും
തുരുമ്പു പൊടിയുന്ന ഇരുമ്പിലും
കള്ളികളില്ലാത്ത
കലണ്ടര്‍ നിങ്ങള്‍ കാണില്ല.
കറുപ്പക്കങ്ങളും
ചുവപ്പക്കങ്ങളും പോലെ
(ആരാണവ കറുപ്പിച്ചത്
ആരാണവ ചുവപ്പിച്ചത്)
ചുവരില്‍ തൂക്കി നിര്‍ത്താനാവില്ല
ചുരുട്ടി വെക്കാനാവില്ല.
എന്നാല്‍ ഈ തുരുമ്പ്
തേഞ്ഞു തീര്‍ന്ന ഈ ചെരുപ്പ്
ആര്‍ക്കും കാണാം
തൊടാം
അളവെടുക്കാം
ഒന്നിലേക്കും മടക്കമില്ല.

ഈ ആക്രിക്കച്ചവടക്കാരിയെയും
നിങ്ങള്‍ ഓര്‍മ്മയുടെ കള്ളിയിലൊതുക്കും:
കഴിഞ്ഞാണ്ടില്‍ ഇതേ ദിവസമാണവള്‍
വന്നതെന്ന് വരഞ്ഞു വെക്കും.