Thursday, October 2, 2014

പുകമരം

എന്തുയരം വരും ഏകാന്തതയ്ക്ക്
കവുങ്ങു തെങ്ങു പോലെ
ഒരു മരമാണെങ്കില്‍
മരത്തിന്റെ ഉയരം
എകാന്തതയുടെ ഉയരമാകുമോ
മരത്തിന്റെ നിഴല്‍
ഏകാന്തതയുടെ നിഴലാകുമോ?

ഏകാന്തമാണോ മരങ്ങളെല്ലാം
ചില്ലകള്‍ ചില്ലകളെ തൊട്ടുരുമ്മി
വേരുകള്‍ വേരുകളെ കെട്ടിപ്പിടിച്ച്
കാറ്റും മഴയും കൊണ്ട്
ഉടലുകള്‍ നനഞ്ഞു കിടുത്ത്
വെയിലത്തുണങ്ങിപ്പൊരിഞ്ഞ്
എകാന്തമാവുമോ മരങ്ങള്‍?

മുള്ളുകളാല്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന
മുളങ്കൂട്ടത്തിന്റെ ഏകാന്തത
സ്വയം പല്ല് ഞെരിക്കുന്നത്‌ കേള്‍ക്കാം
കെട്ടിപ്പിണഞ്ഞു കിടക്കുന്ന പുല്ലിന്റെ ഏകാന്തത
ചുറ്റുപാടും പരക്കുമായിരിക്കും
കുറ്റിയില്‍ കെട്ടിയ പശുവിന്റെ ഏകാന്തത
അതിനെ കാര്‍ന്നുതിന്ന്‍ ഒരു വട്ടമാക്കും.

കവുങ്ങുകള്‍ തൊട്ടടുത്ത കവുങ്ങിനോട്
വര്‍ത്തമാനം പറയുന്നത് കണ്ടിട്ടുണ്ട് -
ഏകാന്തത പകുത്തു കൊടുക്കുകയാവണം.
കരിമ്പനകള്‍ ഒറ്റക്കുനിന്നലറും
തെങ്ങുകള്‍ തേങ്ങയും മടലും വലിച്ചെറിയും
വള്ളികളുടെ  ഏകാന്തത
പിരിയന്‍ ഗോവണിയുണ്ടാക്കി
അതില്‍ കയറിപ്പോകും.

തൃശ്ശൂര്‍ പൂരത്തിനു നടുവില്‍ നിന്നുകൊണ്ടൊരാള്‍
ഏകാന്തതയുമായി സല്ലപിക്കുന്നത്
മേളപ്പെരുക്കങ്ങള്‍ക്ക് തലകുലുക്കുന്നതിനിടയിലും
ഇലഞ്ഞിമരം ശ്രദ്ധിക്കുന്നത് കണ്ടു.

വെട്ടിവീഴ്ത്തിയ വലിയോരേകാന്തതയെ
മഴുകൊണ്ട് വെട്ടിക്കീറി
അതിന്മേല്‍ കിടന്ന്‍
അഞ്ചരയടി ഏകാന്തത കത്തുമ്പോള്‍
ആകാശത്തോളം
ഒരു പുകമരം വളരുന്നതും
ഇതാ,ഇപ്പോള്‍ നോക്കിനില്‍ക്കുന്നു.

(കടപ്പാട്: ശാന്തം മാസിക,2014,സപ്തംബര്‍)