(വി.മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന കവിതാസമാഹാരത്തിനെഴുതിയ അവതാരിക)
'അര്‍ത്ഥംവെച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളാ'യിച്ചുരുങ്ങുമോ നമ്മുടെ കവിതയിലെ പുതുമകള്‍?ചരിത്രം, രാഷ്ട്രീയം, സംസ്കാരം എന്നിവയെച്ചൊല്ലിയുള്ള ഉത്കണ്ഠകള്‍ അവ്യക്തമോ വിദൂരമോ ആയ പശ്ചാത്തലം പോലുമാവാത്ത കേവലഭാഷാനിര്‍മ്മിതികളായി പരിണമിക്കുമോ അത്? കാടോ മരങ്ങളോ ഇലകളോ കാണാതെ, കിളിക്കണ്ണുമാത്രം കാണുന്ന കൗശലമായിത്തീരുമോ? അല്ലെങ്കില്‍, കിളിയെ കിളിയായും മരത്തെ മരമായും വേറിട്ടുകാണാതെ കാടടച്ചു വെടിവെച്ച പൂര്‍വ്വികരോടുള്ള കലാപമായിരിക്കുമോ?ആനുകാലികകവിതയിലെ പുതിയശബ്ദങ്ങള്‍ക്കു കാതോര്‍ക്കുമ്പോള്‍ ഉള്ളിലുടക്കാറുള്ള സംശയങ്ങളാണിവ. രൂപശില്‍പത്തില്‍ ഛന്ദോമുക്തതകൊണ്ടും ഭാവശില്‍പത്തില്‍ അകാല്‍പനികതകൊണ്ടും ആധുനികര്‍ കവിത യുടെ സാമ്പ്രദായികശാസനങ്ങളില്‍നിന്ന് വിടുതിനേടിയെങ്കിലും ചരിത്രം, പ്രസ്ഥാനം തുടങ്ങിയ സമഷ്ടിബോധം ഉപേക്ഷിച്ചിരുന്നില്ല. അവരെത്തുടര്‍ന്നുവന്ന തലമുറയാകട്ടെ, അപ്പൊഴെക്കും അപചയിച്ചുതുടങ്ങിയ മുക്തച്ഛന്ദസ്സിനെ വലിയ വിപ്ലവമായോ താളനിബദ്ധമായ കാവ്യശില്‍പത്തെ അസ്പൃശ്യമായോ കരുതിയുമില്ല. എന്നാല്‍ പിന്നെപ്പിന്നെ ഉള്ളടക്കത്തില്‍ സമഷ്ടിചിന്ത കുറഞ്ഞുവന്നതായിക്കാണാം. ഇപ്പോഴാകട്ടെ, കാവ്യഭാഷ തിരിച്ചറിയപ്പെടാനാവാത്തവിധം 'വര്‍ത്തമാന'മായി. താരതമ്യേന നിസ്സാരങ്ങളും നിത്യനിദാനങ്ങളും വിഷയമാ യി. 'കവിതയായി വായിച്ചെടുക്കാവുന്ന വിത'യായി എല്ലാ ഭാഷാപ്രയോഗങ്ങളും. കാഴ്ചപ്പാടുകള്‍ക്കു പകരം കാഴ്ചകളും നിലപാടുകള്‍ക്കുപകരം നിലകളും മാത്രമുള്ള ഒരാളായി കവി.തെളിവുകള്‍ നിരത്താതെയുള്ള ഒരു സാമാന്യവല്‍ക്കരണമാണിതെന്നു പറയാം. സമ്മതിക്കുന്നു. എന്നാല്‍ ഇത് കവിയേയും കവിതയേയും മാത്രം ബാധിച്ച ഒന്നാണോ? തീര്‍ച്ചയായുമല്ല. കേരളീയസമൂഹവും ഭാഷയും സംസ്കാരവും പൊതുവില്‍ നേരിടുന്ന ഒരു വെല്ലുവിളിയുടെ ഭാഗം മാത്രമാണ് പുതുകവിതയും നേരിടുന്നത്.ആഗോളീകരണത്തിന്റേതായ പുതിയലോകത്ത് സ്വത്വവും നിലനില്‍പ്പും ചോദ്യംചെയ്യപ്പെട്ടുകഴിഞ്ഞ നിരവധിഭാഷാസമൂഹങ്ങളില്‍ ഒന്നുമാത്രമാണ് മലയാളം. സ്വന്തം മണ്ണില്‍നിന്നും ചരിത്രത്തില്‍നിന്നും വിശ്വാസങ്ങളില്‍നിന്നും ഇളക്കിമാറ്റ പ്പെടുന്ന ഏതുജനതയുടേയും അനിശ്ചിതത്വം മലയാളിയും നേരിടുന്നുണ്ട്. ഈ പ്രതിസന്ധി, ജീവിതത്തിന്റെ സമസ്തമേഖലകളേയും വീണ്ടുവിചാരങ്ങള്‍ക്കും പുനര്‍നിര്‍വ്വചനങ്ങള്‍ക്കും വിധേയമാക്കിക്കൊണ്ടിരുന്നു. രാഷ്ട്രീയവും കലയും സംസ്കാരവുമെല്ലാം പുതുക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തിന്റെ സമ്മര്‍ദ്ദം സ്വാഭാവികമായും കവിതയിലും പ്രത്യക്ഷമായി. മലയാളത്തില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനുള്ളില്‍ സജീവമായ പുതുകവിതയ്ക്ക് നേരിടേണ്ടിവന്നത് ഈ സങ്കീര്‍ണ്ണസാഹചര്യത്തെയാണ്.കലങ്ങിമറിഞ്ഞ സമകാല ത്തെ പ്രതിഫലിപ്പിക്കാന്‍ ആധുനികര്‍ക്കും അവര്‍ക്കുമുമ്പുള്ളവര്‍ക്കുമുണ്ടായിരുന്നതുപോലെ തെളിമയുള്ള പ്രസ്ഥാനങ്ങളുടേയോ പ്രത്യയശാസ്ത്രങ്ങളുടേയോ പിന്‍ബലം ഇവര്‍ക്കുണ്ടായില്ല. ആദര്‍ശപ്രചോദിതമായ നവോത്ഥാനകവിതകളിലെപ്പോലെയോ ആശയപ്രചോദിതമായ ആധുനികതയിലെപ്പോലെയോ പുതുകവിതയില്‍ ഉള്ളടക്കം മുഴങ്ങിയില്ല. ആദര്‍ശങ്ങളും പ്രസ്ഥാനങ്ങളും അപചയിച്ചുതുടങ്ങിയ കാലം വലുതുകളെഉപേക്ഷിച്ച് ചെറുതുകളെ ശ്രദ്ധേയമാക്കി.'വയനാട്ടിലെ മഴ' എന്ന കവിതയില്‍ വി. മോഹനകൃഷ്ണന്‍ ഇങ്ങനെഎഴുതി: 'വയനാട്ടില്‍ ഞാനെത്തുമ്പോള്‍
വലിയമഴകളൊക്കെതോര്‍ന്നുകഴിഞ്ഞിരുന്നു.
പെയ്തുതീരാത്ത മരങ്ങളും
ഇറ്റുവീഴുന്ന ഇറവെള്ളവുംബാക്കിനിന്നു.'
സമാനമായ മറ്റൊരു കവിതകൂടി ഇതിനോടു ചേര്‍ത്തുവായിക്കാം:
'ഒരുമഴയും ഞാന്‍നേരേ നനഞ്ഞില്ല.
വിടവുകളിലൂടെഊത്താലടിച്ചുകൊണ്ടിരുന്നു.
അനുഭവങ്ങളില്ല; ലോകമില്ല
ഉള്ളതവയുടെ ഊത്താല്‍.'
പുതുകവികളുടെ അനുഭവദാരിദ്ര്യത്തെ പരിഹസിക്കാനായി പല നിരൂപകരും ഉദ്ധരിക്കാറുള്ള ഈ വരികള്‍ യുവകവികളില്‍ ശ്രദ്ധേയനായ പി.രാമന്റേതാണ്. ശരിയാണ്; പുതുകവിതയില്‍ പ്രസ്ഥാനങ്ങളുടെ ചോരപു രണ്ടില്ല. അവരെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.“It was as if the festivity was over; there was little to experiment with; almost every form of verse and prose had been tried; the past was a shade; the present offered little stimulus; the future seemed bleak. Anything they wrote was likely to be accused of echoing their immediate predecessors. Creating space for themselves, articulating the experiences of their own generation in fresh styles, was no easy task.” ( K.Satchidanandan, “Malayalam Poetry: The changing Scenario” / The Book Review, Dec.2000.)എങ്കിലും ഒന്നു പറയാതെവയ്യ. അവരുടെ കുമ്പസാരങ്ങള്‍ക്ക് പണ്ടില്ലാതിരുന്ന സത്യസന്ധതയുടെ ആര്‍ജ്ജവമുണ്ട്. ഇല്ലാത്തതിനെ ഉള്ളതായി നടിച്ചില്ല. ഉള്ളത് ഒളിച്ചുവച്ചുമില്ല.മോഹനകൃഷ്ണന്‍തുടരുന്നു: 'വര്‍ഗ്ഗീസ്
മഴമേഘങ്ങളെവെടിവെച്ചുവീഴ്ത്തിയ തിരുനെല്ലിയില്‍
ജലം അദൃശ്യമായൊഴുകുന്നു,
ആത്മാക്കള്‍ക്കു മുങ്ങിക്കുളിക്കാന്‍.' (വയനാട്ടിലെ മഴ)
വിപ്ലവകാരികളെക്കൊണ്ടു കോരിത്തരിച്ച വയനാടന്‍മല ശബരിമലപോലെതീര്‍ത്ഥാടനകേന്ദ്രമായിക്കഴിഞ്ഞി രുന്നു അപ്പോഴേയ്ക്കും. വയനാട്ടില്‍ അവര്‍ തിരുനെല്ലിയിലെ പക്ഷിപാതാളമാണ് സന്ദര്‍ശിച്ചത്. ഈ സ്ഥലനാമ ത്തെ ഒരു പ്രതീകമായിട്ടെടുത്താല്‍ അത് പതുകവിതയിലെ ഒരു വീക്ഷണവ്യതിയാനത്തെക്കൂടി പ്രതിഫലിപ്പി ക്കുന്നതായിക്കാണാം. കുറത്തികള്‍ക്കും കുറിച്യര്‍ക്കും മാത്രമായി ഒരു വിമോചനം സാദ്ധ്യമല്ലെന്നും കിളിയും പുഴയും കാടും ചേര്‍ന്ന പരിസ്ഥിതിയോടു ചേര്‍ന്നുമാത്രമേ അത് സാദ്ധ്യമാകൂ എന്നുമുള്ള തിരിച്ചറിവാണ് അത്. മോഹനകൃഷ്ണന്റെ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
'പക്ഷിപാതാളത്തില്‍ കടക്കുവാന്‍വെറും ചിറകുമതി.
കനമുള്ളതൊന്നും കൂടെവേണ്ട.'
ഭാരം തടസ്സമായി. 'പൂര്‍വ്വഭാരങ്ങളില്ലാത്ത കവി' എന്നതു വിശേഷണമായി. ഉടല്‍ മുഴുവന്‍ വേണ്ട,ചിറകുമാ ത്രം മതി എന്നായി.ഒറ്റത്തൂവല്‍കൊണ്ടുതന്നെ സാന്നിദ്ധ്യമറിയിക്കാമെന്നായി. 'ഇവിടെയുണ്ടായിരുന്നുഞ്ഞാനെന്നതിന്നൊരുവെറും തൂവല്‍താഴെയിട്ടാല്‍മതി' (പി പി രാമചന്ദ്രന്‍ / ലളിതം)ഇങ്ങനെ സ്ഥൂലതയില്‍നിന്ന് സൂക്ഷ്മതയിലേക്ക്, കേന്ദ്രങ്ങളില്‍നിന്ന് ഓരങ്ങളിലേക്ക്, വൈകാരികധൂര്‍ത്തില്‍നിന്ന് വാക്കുകളുടെ മിതവ്യയത്തിലേക്ക് പുതുകവിത ഒരു ഘട്ടത്തില്‍ ഒതുങ്ങി. ക്രമേണ അത് മാനകീകരിക്ക പ്പെടുകയും അനുകരണംകൊണ്ടും വൈവിധ്യമില്ലായ്മകൊണ്ടും ഏകതാനവും വിരസവുമായിത്തീരുകയും ചെയ്തു.ഈ നിശ്ശബ്ദപരിണാമത്തില്‍ സാക്ഷിയും പങ്കാളിയുമായ കവിയാണ് വി മോഹനകൃഷ്ണന്‍. എന്നാല്‍ ഒട്ടും പ്രകടനപരമല്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായതിനാലാവണം, അപൂര്‍വ്വമായിമാത്രം പുറത്തുകാട്ടാറുള്ള തന്റെ രചനകളിലൂടെ, അദ്ദേഹം ഒരു ചെറിയ സൗഹൃദവലയത്തിനകത്തുമാത്രമായിഒതുങ്ങിനിന്നു.ഇതിനര്‍ത്ഥം മോഹനകൃഷ്ണന്‍ തീരെ ശ്രദ്ധിക്കപ്പെട്ടില്ലെന്നല്ല. ഉദാഹരണത്തിന്, വയനാട്ടിലെ മഴ എന്ന കവിതയെ വിലയിരുത്തിക്കൊണ്ട് സച്ചിദാനന്ദന്‍തന്നെ മോഹനകൃഷ്ണന്റെ കൈത്തഴക്കത്തെ ഇങ്ങനെ പ്രശംസിച്ചിട്ടുണ്ട്. 'കവിത തുടങ്ങാനും അവസാനിപ്പിക്കാനും അറിഞ്ഞാല്‍ കവിതയെ സംബന്ധിച്ച വലിയൊരു രഹസ്യം പഠിച്ചു കഴിഞ്ഞു എന്നാണര്‍ത്ഥം. നമ്മുടെ ചില പ്രശസ്തകവികള്‍പോലും എവിടെ എങ്ങിനെ അവസാനിപ്പിക്കണ മെന്നറിയാതെകവിത വലിച്ചുനീട്ടുന്നതു കാണാറുണ്ട്. മോഹനകൃഷ്ണന് കവിത തുടങ്ങാനുംഅവസാനിപ്പിക്കാ നും അറിയാം.'
പക്ഷികളും പുഴുക്കളും മൃഗങ്ങളും മരങ്ങളും സ്വച്ഛന്ദവിഹാരംചെയ്യുന്ന വിചിത്രമായൊരു ജീവിലോകത്തേ ക്കാണ് മോഹനകൃഷ്ണന്റെ കവിതകള്‍ തുറക്കുന്നത്. ഇഴയുകയോ പറക്കുകയോ നീന്തുകയോ ചെയ്യുന്ന ആ ജന്തുലോകത്തിലൊന്നുമാത്രമാണ് താനെന്നുള്ള സ്വയം ബോദ്ധ്യപ്പെടുത്തലുകളാണ് മോഹനകൃഷ്ണന്റെഎഴുത്ത്. 'നിശ്ശബ്ദതയുടെ ആയുധങ്ങള്‍' എന്ന കവിതയിലെ ഈ വരികള്‍ നോക്കൂ:
"അടച്ചിട്ട ചില്ലിന്മേല്‍ഒരു പൂമ്പാറ്റ അലമുറയില്ലാതെപറന്നുവന്നിരിക്കുന്നു.
അതിന്റെ വര്‍ണ്ണക്കുപ്പായംഎനിക്കു പുറംതിരിഞ്ഞാണ്.
മെലിഞ്ഞ കാലുകളുംമുട്ടകള്‍ വഹിക്കുന്നവലിയ വയറുമാണ്
ഇപ്പുറമെന്നെ കാണിച്ചുതരുന്നത്.
നിശ്ശബ്ദതയില്‍ ഞാന്‍ തനിച്ചിരിക്കുമ്പോള്‍ഒരു പക്ഷിഅതിനെ കൊത്തിപ്പറന്നുപോയി.
എന്റെ കാഴ്ചയുടെ കാണാപ്പുറത്ത്
ആ പക്ഷിയെഒരു പാമ്പ് വിഴുങ്ങിയിരിക്കും
പാമ്പിനെമറ്റൊരു പാമ്പോ പക്ഷിയോ.
കിലുക്കങ്ങളില്ലാത്ത ചങ്ങലക്കണ്ണികള്‍നീണ്ടുപോകുന്നതു കാണാം."
ജീവശാസ്ത്രത്തിലെ ആഹാരശൃംഖലയുടെ ലഘുവിവരണംപോലെ തോന്നിപ്പിക്കുന്ന ഈ നേര്‍പറച്ചിലില്‍ സൂക്ഷ്മദൃക്കുകളെ ആകര്‍ഷിക്കുന്ന ഒരു കാഴ്ചപ്പാടുണ്ട്. പുതുകാലത്തിന്റെ അവസ്ഥയും സൗന്ദര്യശാസ്ത്ര വുമുണ്ട്. അടച്ചിട്ടചില്ലിന്മേല്‍ വന്നിരിക്കുന്ന പൂമ്പാറ്റയുടെ മെലിഞ്ഞ കാലും വലിയ വയറും കാണുന്നവ നാണ് ഇന്നത്തെ കവി. ചിറകിന്റെ വര്‍ണ്ണക്കുപ്പായം അയാള്‍ക്കു പുറംതിരിഞ്ഞാണ്. കാല്‍പനികകവികള്‍ക്കു കാണാന്‍ പറ്റാതെപോയ ഈ 'കാഴ്ചപ്പാട്' ഇന്നു നമുക്കു ലഭ്യമാക്കിയത് ലോകത്തിനും നമുക്കും ഇടയ്ക്കു സ്ഥാപിതമായ 'ഇല്ലെന്നു തോന്നിപ്പിക്കുന്ന' ആ ചില്ലാണ്. അത് ഒരു ടെലിവിഷന്‍ സ്ക്രീനോ അക്വേറിയംപേട കമോ ആകാം. യാഥാര്‍ത്ഥ്യത്തെ പലകോണില്‍നിന്നു വീക്ഷിക്കാനും ചെറുതാക്കിയോ വലുതാക്കിയോ നിരീക്ഷി ക്കാനുംപാകത്തില്‍ ഒരു 'മാധ്യമക്കണ്ണട' നമ്മുടെയെല്ലാം മൂക്കത്ത് നാമറിയാതെ ആരോ വെച്ചതുകൊണ്ടു മാകാം.ഇതൊരവസരമായിക്കണ്ട്, ഇമേജുകളെ ഡിസ്ടോര്‍ട് ചെയ്ത് അവതരിപ്പിക്കുക എന്ന മള്‍ട്ടിമീഡിയാ
തന്ത്രം പുതുകവിതയില്‍ ധാരാളമായി പ്രയോഗിക്കപ്പെടുന്നുണ്ടെന്നു നമുക്കറിയാം, കൗതുകത്തിനപ്പുറം അവ നിലനില്‍ക്കുന്നില്ലെന്നും. മോഹനകൃഷ്ണന്റേതു പക്ഷേ, കാഴ്ചപ്പാടോടുകൂടിയ കാഴ്ചയാണ്. യാഥാര്‍ത്ഥ്യത്തെ അയാള്‍ ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തല്ല കാണുന്നത്. കാരണം, എഴുപതുകളിലെ വസന്തത്തിന്റെ ഇടിമുഴക്കം അയാള്‍ കേട്ടിട്ടെങ്കിലുമുണ്ട്. എണ്‍പതുകളില്‍ ആധുനി കതയുടെ ചുവന്നവാല്‍ ഇഴഞ്ഞപ്രത്യക്ഷമാകുന്നതിന് സാക്ഷിയായിട്ടുമുണ്ട്.
'പറഞ്ഞാല്‍ തീരുമോപക്ഷിക്കാര്യം?' - മോഹനകൃഷ്ണന്‍ മതിവരാതെ പരിചരിച്ചുപോന്ന ഒരുപ്രമേയമാണിത്. ചിറകുള്ള വാക്കുകളെ, അവയുടെ വിചിത്രസ്വഭാവങ്ങളെ, നിരീക്ഷിച്ചും നിരൂപിച്ചും ഇയാള്‍ ഭാഷയുടെ കാട്ടി ലലയുന്നു, ഏകാകിയായി. മോഹനകൃഷ്ണന്റെ 'പക്ഷിനിരീക്ഷണങ്ങള്‍' ഭാഷയേയും സര്‍ഗ്ഗാത്മകതയേയും കുറി ച്ചുള്ള നിരൂപണങ്ങളായിത്തീരുന്നതങ്ങനെയാണ്.'പലപല ജന്മം കടക്കണംപക്ഷിജന്മം പൂകുവാന്‍'എന്നിങ്ങനെ അതിനെ അസുലഭലബ്ധമായ ഒരു ഭാഗ്യമായി വിശേഷിപ്പിക്കുമ്പോള്‍ കവിജന്മത്തിന്റെ ധന്യതയാണ്‌ധ്വനിക്കു ന്നത്. പക്ഷമുള്ളതാണല്ലോ പക്ഷി. എന്നാല്‍ 'ഒരുചിറകിനാല്‍ ആകാശത്തേക്കും മറുചിറകിനാല്‍ ഭൂമിയിലേക്കും ഒരേസമയം പറക്കാന്‍ വിധിക്കപ്പെട്ട 'നിഷ്പക്ഷി'യുടെ എവിടേയും ഉറയ്ക്കാത്ത, വേദനകൊണ്ടു പുളയുന്ന ഉടലാണ് മോഹനകൃഷ്ണന് വാക്ക്. ആ സന്ദിഗ്ദ്ധജന്മം പേറുമ്പോള്‍ത്തന്നെ, കൊക്കായും കഴുകനായും മരംകൊത്തിയായും പൊന്മാനായും ചമഞ്ഞിറങ്ങേണ്ടിയും വരുന്നു അതിന്. അപ്പോഴെല്ലാം കവി പ്രാര്‍ത്ഥിക്കുന്നത്‌ഇങ്ങനെ:
"കാലദേശങ്ങളേറെകടന്നുപോകുമ്പോഴും
കാക്കയായിരുന്നതിന്‍ബാക്കിയായുണ്ടാവണം
കറുത്ത ചിറകുകള്‍കാലുകള്‍,കണ്ണ്,ചുണ്ട്,
കരച്ചില്‍,കലപില,
ചെരിഞ്ഞനോട്ടം,ചാട്ടം...
ഇത്തിരി കാക്കത്തരംബാക്കിയായുണ്ടാവണം... "
കാക്കത്തരം കൈവിടാതെ, കാലത്തിനുനേര്‍ക്കു പായിച്ച ചെരിനോട്ടങ്ങളാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളുമെന്ന് ഞാന്‍ കരുതുന്നു.
മാഷെ, നിങ്ങളെക്കുറിച്ചോ, നിങ്ങളുടെ കവിതകളെക്കുറിച്ചോ അറിയാതെ പോയ ഒരു അജ്ഞന്റെ , അജ്ഞാതന്റെ നമസ്കാരം. നിങ്ങളെ വായിക്കാതെ വായിക്കാതെ ഞാന്‍ മറച്ചു തീര്‍ത്ത താളുകള്‍..!
ReplyDeleteവര്‍ഗ്ഗീസ്
മഴമേഘങ്ങളെവെടിവെച്ചുവീഴ്ത്തിയ തിരുനെല്ലിയില്‍
ജലം അദൃശ്യമായൊഴുകുന്നു,
ആത്മാക്കള്‍ക്കു മുങ്ങിക്കുളിക്കാന്‍.' (വയനാട്ടിലെ മഴ)
ഞാന്‍ വായിച്ച നല്ല വരികളുടെ കൂട്ടത്തിലേയ്ക്ക് കൂട്ടുന്നു.
കാന്തം വച്ച വരികൾ
ReplyDeleteഅതിൽ കൂടുതൽ ഒന്നും പറയാൻ എനിക്കറിയില്ല