Sunday, February 28, 2016

ആനക്കരയിലെ മരങ്ങള്‍


കൊച്ചിയില്‍ വൃക്ഷങ്ങള്‍ തലയാട്ടി നിന്ന അതേകാലം
ആനക്കരയിലും ആകാശം തൊടുന്ന
ചില മരങ്ങളുണ്ടായിരുന്നു.

നരേന്ദ്രനും ഞാനും ആ മരച്ചോട്ടിലൂടെ നടന്നു
നീണ്ട കാലുകളുള്ള നരേന്ദ്രന്‍
ഓടുംപോലെ നടക്കുമ്പോള്‍
ഒപ്പമെത്താന്‍ ഞാനുമോടി.
എറിഞ്ഞിടത്ത് കൊള്ളുന്ന ഉന്നം കൊണ്ടവന്‍
ഞാവല്‍പ്പഴം വീഴ്ത്തും
ചവര്‍പ്പു തൊണ്ടയില്‍ വയലറ്റു നാവ് കൊണ്ട്ട്
 കഥ കെട്ടി പറയും.
എന്റെ പണി മൂളലാണ്
കഥ പറഞ്ഞവന്‍ തളരും
മൂളി മൂളി ഞാനും.

ആനക്കര വടക്കത്തെ
അമ്മു സ്വാമിനാഥന്‍,ക്യാപ്റ്റന്‍ ലക്ഷ്മി
സുഭാഷിണി അലി,കുറ്റിപ്പുറം പാലം,
ഇടശ്ശേരി,കേളപ്പന്‍,ഗോവിന്ദന്‍ വഴി
പൊന്നാനിയിലെത്തുമ്പോഴേക്കും
ഞങ്ങളുടെ ശരീരം ഉപ്പുകുറുക്കി തളരും
സ്വാതന്ത്യം നേടി രണ്ടുദേശങ്ങളായി പിരിയും.

കഥയുടെ ചുറ്റുകോണിയില്‍ കയറി കുന്നിന്‍ പുറത്തെക്ക്
അതിവേഗം കയറിപ്പോകും മുന്‍പ് അവന്‍ പറഞ്ഞു:
ഒരിക്കല്‍ ഞാവല്‍പ്പഴങ്ങളെപ്പറ്റി
കഥയെഴുതും,അല്ലല്ല ഒരുകവിത.
ഒപ്പമെത്താതെ ഞാനുമെന്റെ മൂളലുംതാഴെ കിതച്ചു നില്‍ക്കുമ്പോള്‍
ഒറ്റച്ചാട്ടത്തിനവന്‍ ഒരു മല മറികടന്നു.
അതുകണ്ട് വീട്ടിലെത്തി
മരക്കോണിയുടെ ഇളകുന്ന പടികള്‍ കയറുവാന്‍ നോക്കി
രണ്ടു പടി കയറി, ഒരു പടിഇറങ്ങി
ഒരു പടി കയറി,രണ്ടു പടി ഇറങ്ങി
ഉയരം കണ്ട് പേടിപൂണ്ടു.

നീയിപ്പോഴും കഥകള്‍ പറയുന്നു
വലിയമരങ്ങള്‍ക്കൊപ്പം നടക്കുന്നു
എനിക്കു മാത്രമല്ലാതെ നീ പറയുന്ന കഥകള്‍ക്കും
ഞാന്‍ മൂളിക്കൊണ്ടിരിക്കുന്നുണ്ട്.
 കേള്‍ക്കാത്ത ഉയരത്തിലാണ് നീ എന്നേയുള്ളു.
ആയിരം മൂളക്കങ്ങളില്‍ നിന്ന്
എന്നെ  തിരിച്ചറിയുന്നില്ലെന്നേയുള്ളു

ഹാ! ആനക്കരയിലെ ഞാവലുകള്‍
അതിന്‍ വയലറ്റു ചവര്‍പ്പ്
എന്നൊക്കെ നീ ഓര്‍മ്മകള്‍ വരയുമ്പോള്‍
ഞാനതിന്‍ ചുവട്ടില്‍ എന്നെയും കൊണ്ടുപോയി നിര്‍ത്തുന്നു
ഒരുകാലത്ത് നമ്മളൊന്നിച്ചനുഭവിച്ച തണലും വെയിലുമെന്നു കരുതുന്നു
ഒരു നാടോടിക്കാറ്റ് ഉന്നമില്ലാത്ത എനിക്ക്
നാലഞ്ചു ഞാവല്‍പ്പഴങ്ങള്‍ വീഴ്ത്തിത്തരുന്നു.

ഇതായിരിക്കാം നീ എഴുതുമെന്ന് പണ്ട് പറഞ്ഞ ആ കവിത.
ആ കാറ്റ് നീയായിരുന്നെന്ന് കരുതിക്കോട്ടെ?
വെറുതെ.

Sunday, November 29, 2015

ചില്‍ഡ്രന്‍സ് പാര്‍ക്ക്


കളി പാതിയാക്കി കുട്ടികള്‍  മടങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍
ഒഴിഞ്ഞ കളിത്തട്ടുകളും ഊഞ്ഞാലുകളും കളിക്കോപ്പുകളും.
കുട്ടികള്‍ പോയിട്ടും കളിക്കോപ്പുകള്‍ അടങ്ങിയിരിക്കുന്നില്ല.
ഒരു പന്ത് എങ്ങോട്ടുരുളണമെന്ന് ശങ്കിച്ച്,
ഊഞ്ഞാല്‍ ഉയരുകയാണോ താഴുകയാണോ എന്നന്തം വിട്ട്,
കളിത്തട്ട് പൊങ്ങണോ താഴണോ എന്ന് സംശയിച്ച്.

2.
അടുത്തകൊല്ലം വരാമെന്ന് പറഞ്ഞ്
അവധി തീരും മുമ്പേ കുട്ടികള്‍ പോയി.
മാവിന്‍ ചുവട്ടിലും മുറ്റത്തിന്റെ മൂലയിലുമൊക്കെ
മണ്ണപ്പവും പ്ളാവിലക്കയ്യിലും പാത്രങ്ങളും.

മടങ്ങിവരാം,എന്നിട്ട് വേവ് നോക്കാം
ഊഞ്ഞാലില്‍ ഒരു വട്ടം കൂടി ആടാം
മാവിനൊരു കല്ലെറിയാം എന്നൊക്കെ കരുതി
ഇത്തിരി വെള്ളം കുടിച്ചു വരാന്‍ വീട്ടിനുള്ളിലേക്കോ
ബെല്ലടിക്കുന്നത് കേട്ട് സ്ക്കൂളിലേക്കോ ഓടിപ്പോയവര്‍
പിന്നെ മടങ്ങാന്‍ മറന്നു.
മറന്നു മറന്ന് അവര്‍ മുതിര്‍ന്നവരായി
ജ്ഞാനവൃക്ഷത്തിന്റെ തുഞ്ചത്ത് പൂവിട്ടു.
3.
മരച്ചോട്ടില്‍ പുതിയൊരൂഞ്ഞാലിട്ട്
പുതിയകുട്ടികളെ കാത്ത്
വേരുകളില്‍ ചാഞ്ഞിരിക്കുമ്പോള്‍
ഒരു പന്ത് ഉരുണ്ടുരുണ്ടു വന്ന് കാലില്‍ തൊട്ടുവെന്ന് തോന്നി
പെട്ടെന്നുണര്‍ന്നതും
പന്ത് വലിയൊരു മോണിറ്റര്‍ സ്ക്രീനിലേക്കുരുണ്ടു പോവുന്നതും
ഒരു കുട്ടി ദൂരെയിരുന്നതിനെ നിയന്ത്രിക്കുന്നതും
ഊഞ്ഞാലും മരങ്ങളും പാര്‍ക്കുമതിന്റെപിന്നില്‍ മറയുന്നതും
കണ്ട് കണ്ടങ്ങനെ
ഒരിടത്തൊരു ചില്‍ഡ്രന്‍സ് പാര്‍ക്ക് .
(കടപ്പാട്:ചന്ദ്രിക ആഴ്ചപ്പതിപ് ,2015,നവമ്പര്‍ 7)


Wednesday, October 21, 2015

അത്ര ഭംഗിയിലല്ലാതെ.



അകാലക്രമത്തില്‍
ഓര്‍മ്മയില്‍ പെറുക്കിവെക്കുന്നു നിന്നെ.
നീയടുക്കിവെച്ച പാത്രങ്ങളും
ഇസ്തിരിയിട്ടുവെച്ച വസ്ത്രങ്ങളും
പൊടിതട്ടി വെച്ച പുസ്തകങ്ങളും പോലെ,
മാറാല തട്ടി എന്നെ സൂക്ഷിച്ച പോലെ,
അത്ര ഭംഗിയിലല്ലാതെ.
(ഇന്ന്‍ മാസിക, ഒക്ടോബര്‍,2015)

Friday, October 16, 2015

അജ്ഞാതഗോളത്തിലേക്കുള്ള ആദ്യവാഹനത്തില്‍



ഏഴാം നിലയില്‍ നിന്ന് ചാടാനൊരുങ്ങിയവളെ
ഒരു പക്ഷിയാക്കി പറത്തി വിട്ടു.
എത്ര ചാടിയിട്ടും അവള്‍ക്ക്  ഭൂമി തൊടാനായില്ല

വെള്ളത്തില്‍ ചാടാനൊരുങ്ങിയവനെ
ഒരു പരല്‍ മീനാക്കി
എത്ര മുങ്ങിയിട്ടും അവന്‍ പൊങ്ങി വന്നു

കുടിക്കാനൊഴിച്ച വിഷം വീഞ്ഞാക്കി മാറ്റിയതിനാല്‍
കുടിക്കുന്തോറും ലഹരി കൂടിവന്നു.
ജീവിതമെന്നപോലെ മരണത്തെയും മറന്നു.

പക്ഷേ പക്ഷികളും മീനുകളും മദ്യപരും
അവരെ കൂട്ടത്തില്‍ കൂട്ടിയതേയില്ല
മരിച്ചവരും ജീവിച്ചവരും ചേര്‍ന്ന്
ഭൂമിയില്‍ നിന്നവവരെ പുറത്താക്കി.
അജ്ഞാതഗോളത്തിലേക്കുള്ള ആദ്യവാഹനത്തില്‍
അവരെ കയറ്റി വിടാന്‍ തീരുമാനമായി.

(പടയാളി സമയം,സെപ്തംബര്‍ 2015)

Thursday, October 2, 2014

പുകമരം

എന്തുയരം വരും ഏകാന്തതയ്ക്ക്
കവുങ്ങു തെങ്ങു പോലെ
ഒരു മരമാണെങ്കില്‍
മരത്തിന്റെ ഉയരം
എകാന്തതയുടെ ഉയരമാകുമോ
മരത്തിന്റെ നിഴല്‍
ഏകാന്തതയുടെ നിഴലാകുമോ?

ഏകാന്തമാണോ മരങ്ങളെല്ലാം
ചില്ലകള്‍ ചില്ലകളെ തൊട്ടുരുമ്മി
വേരുകള്‍ വേരുകളെ കെട്ടിപ്പിടിച്ച്
കാറ്റും മഴയും കൊണ്ട്
ഉടലുകള്‍ നനഞ്ഞു കിടുത്ത്
വെയിലത്തുണങ്ങിപ്പൊരിഞ്ഞ്
എകാന്തമാവുമോ മരങ്ങള്‍?

മുള്ളുകളാല്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന
മുളങ്കൂട്ടത്തിന്റെ ഏകാന്തത
സ്വയം പല്ല് ഞെരിക്കുന്നത്‌ കേള്‍ക്കാം
കെട്ടിപ്പിണഞ്ഞു കിടക്കുന്ന പുല്ലിന്റെ ഏകാന്തത
ചുറ്റുപാടും പരക്കുമായിരിക്കും
കുറ്റിയില്‍ കെട്ടിയ പശുവിന്റെ ഏകാന്തത
അതിനെ കാര്‍ന്നുതിന്ന്‍ ഒരു വട്ടമാക്കും.

കവുങ്ങുകള്‍ തൊട്ടടുത്ത കവുങ്ങിനോട്
വര്‍ത്തമാനം പറയുന്നത് കണ്ടിട്ടുണ്ട് -
ഏകാന്തത പകുത്തു കൊടുക്കുകയാവണം.
കരിമ്പനകള്‍ ഒറ്റക്കുനിന്നലറും
തെങ്ങുകള്‍ തേങ്ങയും മടലും വലിച്ചെറിയും
വള്ളികളുടെ  ഏകാന്തത
പിരിയന്‍ ഗോവണിയുണ്ടാക്കി
അതില്‍ കയറിപ്പോകും.

തൃശ്ശൂര്‍ പൂരത്തിനു നടുവില്‍ നിന്നുകൊണ്ടൊരാള്‍
ഏകാന്തതയുമായി സല്ലപിക്കുന്നത്
മേളപ്പെരുക്കങ്ങള്‍ക്ക് തലകുലുക്കുന്നതിനിടയിലും
ഇലഞ്ഞിമരം ശ്രദ്ധിക്കുന്നത് കണ്ടു.

വെട്ടിവീഴ്ത്തിയ വലിയോരേകാന്തതയെ
മഴുകൊണ്ട് വെട്ടിക്കീറി
അതിന്മേല്‍ കിടന്ന്‍
അഞ്ചരയടി ഏകാന്തത കത്തുമ്പോള്‍
ആകാശത്തോളം
ഒരു പുകമരം വളരുന്നതും
ഇതാ,ഇപ്പോള്‍ നോക്കിനില്‍ക്കുന്നു.

(കടപ്പാട്: ശാന്തം മാസിക,2014,സപ്തംബര്‍)

Wednesday, July 30, 2014

ഒട്ടകപ്പക്ഷിയെ കണ്ടിട്ടില്ല..


എന്റെ നാളിലെ പക്ഷിയല്ല
വീട്ടുപക്ഷിയും നാട്ടു പക്ഷിയുമല്ല
പണ്ടു തൊട്ടേ ഭാഷയിലുണ്ടാ പക്ഷി
ചെറുപ്പം തൊട്ടേ പുസ്തകത്തിലുണ്ട്
കാഴ്ച ബംഗ്ലാവിലുണ്ടെന്ന് കേട്ടിട്ടുണ്ട്
സിനിമയിലും  ടെലിവിഷനിലും
അവഓടി നടക്കുന്നു
തലപൂഴ്ത്തി ലോകത്തെ ഇല്ലാതാക്കുന്നു
ഒട്ടകപ്പക്ഷിയുടെ വേഷം കെട്ടി
അതിനെ പറ്റിക്കാന്‍ പോകുന്നൊരു പാവത്താനെ
ഒരു  സിനിമയില്‍ കണ്ടു*
അയാളാണ്   തീവിഴുങ്ങിപ്പക്ഷി.

കാണാതെയും
എന്നോടൊപ്പമുണ്ടാ പക്ഷി
തല മണലില്‍ പൂഴ്ത്തി നില്‍ക്കുന്ന എന്നെ
പക്ഷിയല്ലാത്തൊരാ പക്ഷി,
മൃഗമല്ലാത്ത മൃഗം
അദൃശ്യനാക്കി മാറ്റുന്നു.

ഗരുഡനും ജടായുവും വിഹരിക്കുന്ന
അതേ ശബ്ദ താരാവലിയില്‍
ഒട്ടകപ്പക്ഷിയും  ഓടി  നടക്കുന്നു
വല്ലപ്പോഴും  വലിയൊരു മുട്ടയിട്ട്
അതെടുക്കാന്‍ വരുന്നവനെ കൊത്തിയോടിക്കുന്നു .
____________
*സോങ്ങ് ഓഫ് സ്പാരോസ്-മജീദ്‌ മജിദി
(ഉള്ളെഴുത്ത്  ജൂലൈ 2014)

Friday, March 28, 2014

ശശികലയുടെ വീട്













ശശികലയുടെ വീടിനുമുന്നിലൂടെ  ബസ്സില്‍ പോകുമ്പോള്‍
ഇടതു വശത്തിരുന്നാൽ
മുറ്റത്തേക്ക് ഒന്നു പാളി നോക്കാം
അവള്‍ ചവിട്ടിക്കയറുന്ന ഒതുക്കുകള്‍
അവളഴിച്ചിട്ട ചെരുപ്പുകള്‍
അലക്കിയിട്ട അവളുടെ പാവാടയും കുപ്പായവും
ഒറ്റക്കണ്ണുകൊണ്ടെല്ലാം കണ്ടു തീര്‍ക്കും.
കോതിവലിച്ചെറിഞ്ഞ മുടിയിഴകള്‍
കൊഴിഞ്ഞു നിലത്തുവീണ പൊട്ട്
വെട്ടിയിട്ട നഖങ്ങള്‍
പാദസരത്തിലെ കൊഴിഞ്ഞുവീണ ഒരു മണി
മറെറ കണ്ണുകൊണ്ടതെല്ലാം പെറുക്കിയെടുക്കും.
അപ്പോഴേക്ക് ബസ്സ് ഇറക്കമിറങ്ങി വയലിലെത്തും.

തിരിച്ചുവരുമ്പോള്‍ രാത്രിയാവും.
കയറ്റം കയറുന്ന ബസ്സിൽ വലതുഭാഗത്തിരുന്ന്
അവളുടെ ഉറങ്ങുന്ന വീട് കാണും
ഇരുട്ടില്‍ അവള്‍ക്കുചുറ്റും ഒരു പ്രഭാവലയം
മിന്നാമിന്നിയായി പറന്നു നടക്കും
ബസ്സിനു പുറകേ കുറേ ദൂരം പറന്നു വരും

കാലത്ത് മുറ്റമടിക്കാന്‍ വരുമ്പോള്‍
ഉരുണ്ടു കളിക്കുന്ന രണ്ടു കണ്ണുകള്‍ കണ്ട്
അവള്‍ പെണ്മക്കളെ രണ്ടാളെയും വിളിക്കും
അമ്മയിന്നലെ കണ്ട സ്വപ്നത്തില്‍
മുറ്റത്തു കളഞ്ഞുപോയ
കണ്മണികളെന്നു പറഞ്ഞ് കോരിയെടുക്കുമ്പോള്‍
അവ  ആലിപ്പഴം പോലെ അലിഞ്ഞു പോകും
അമ്മയ്ക്ക് പ്രാന്തെന്ന് കുട്ടികള്‍ കളിയാക്കും
അതു ശരിയെന്ന് അച്ഛനും ഏറ്റുപിടിക്കുമ്പോള്‍
കളഞ്ഞുപോയ കണ്ണിനുടമയെ വിളിക്കാന്‍
അവള്‍ വീട്ടിനുള്ളിലേക്കോടും
കണ്ണടച്ചവളമര്‍ത്തുന്ന നമ്പര്‍
നേരം വൈകിയുറങ്ങിയ അയാളെ
ഒരു വിറയലായി ഉണര്‍ത്തും.

(കടപ്പാട്:ചന്ദ്രിക ആഴ്ചപ്പതിപ്പ് ,15 മാര്‍ച്ച് 2014)