Saturday, March 2, 2013
വാഹന പൂരുഷന്
ഞങ്ങളെ നീ മറന്നതു പോലെ
നിന്നെയും ഞങ്ങള്‍ മറന്നുപോകും.
രാത്രിയില്‍ അതേ വാഹനമോടിച്ച്
ആളൊഴിഞ്ഞ നഗരത്തില്‍
ഞങ്ങളല്ലാത്ത ഞങ്ങളുണ്ടാവും
അതേവഴിയില്‍
അതേ സ്റ്റോപ്പില്‍
നീയല്ലാത്ത നീ കൈ കാണിക്കും
വണ്ടിയിലുച്ചത്തില് പാട്ടു വെക്കും
അതേ ഹിന്ദിപ്പാട്ട്.
വലിയ ചക്രങ്ങളും മുരളുന്ന യന്ത്രവും
ചായമടിച്ച ശരീരവുമായി
വാഹനമൊരു പുരുഷനാകും
ഹോണടിച്ച്,ഗിയര്‍ മാറ്റി,
ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി
ഞങ്ങള്‍ മാറി മാറി വണ്ടിയോടിക്കും...
അവസാന തുള്ളിയും അണ്ണാക്കിലിറ്റിച്ച്
ഒഴിഞ്ഞ വെള്ളക്കുപ്പി
ഒടിച്ചു ചുരുട്ടി വലിച്ചെറിയും.
വാഹനമോടിക്കൊണ്ടിരിക്കും.
മൈനസ് ഡിഗ്രി ദില്ലിയില്‍ നിന്ന്
മകരക്കുളിരിലേക്കോടിവരുന്നു
അതി വേഗത്തിലാവാഹനം.
കവിതയുടെ ഒരു കഷ്ണം ച്യൂയിങ്ങ് ഗം ചവച്ച്
തല പുറത്തേക്കിട്ട് പാടുന്നു ഞങ്ങള്‍:
പേരറിയാത്തൊരു പെണ്കിടാവേ
നേരറിയാത്തൊരു പെണ്കിടാവേ...
(തോര്‍ച്ച മാസിക/ജനു-ഫെബ്രു 2013)
Thursday, October 11, 2012
രണ്ടു കാക്കക്കവിതകള്‍
ഒടിച്ചു മടക്കാന്‍ നോക്കിയിട്ടും
മടങ്ങാതെ കിടപ്പാണ്
എല്ലുനീണ്ട ചിലത് .
വാക്കുകളെന്നും പറയാം.
മൂന്നും രണ്ടും രണ്ടെന്നു
കൂട്ടില്‍ കയറാതെ
പീലി നിവര്‍ത്താതെ
ഒറ്റയ്ക്കൊരുവരിയായി
രണ്ടു പാദങ്ങളില്‍ ചാടി നടക്കുന്നു.
കേകയായില്ല
കാക്കയായി
വലിച്ചുകെട്ടിയ അയയില്‍
തൂങ്ങിക്കിടന്നാടുന്നു
ആണുടുപ്പുകളും പെണ്ണുടുപ്പുകളും
കുട്ടിയുടുപ്പുകളും.
വെള്ളം ഇറ്റുതീര്ന്നിട്ടില്ല
വെയിലവയെ പൊതിയുന്നുണ്ട്
കാറ്റോടിവന്ന് വട്ടം ചുറ്റുന്നു
നനവാറി വരുമ്പോള്‍
ഒരു കാക്ക വരും
ചാഞ്ഞും ചെരിഞ്ഞും നോക്കും
കൈകോര്‍ത്ത് കാലു കോര്‍ത്ത്
കാറ്റത്ത് പറന്നു പൊങ്ങുന്ന
അടിയുടുപ്പുകളെ നോക്കി
ഇനിയൊരിക്കലാട്ടെ എന്ന്
വെറുതെ പറന്നു പോകാം
അല്ലെങ്കില്‍ അയല്‍ വീട്ടിലേക്ക് പറക്കും
അവിടെ ഒറ്റക്കു കിടന്നാടുന്ന
നീളന്‍ കുപ്പായം ഞാനും കാണുന്നുണ്ട്.
കാറ്റും വെയിലും കൂടി
ആരും കാണാത്തൊരയയില്
എന്റെ കുപ്പായമുണക്കുന്നതിനരികെക്കൂടി
പറക്കല്ലേ കാക്കേ.
(മാതൃകാന്വേഷി/സെപ്തംബര്‍ 2012)
Monday, July 30, 2012
തോന്നും പടി ആകാശവും ഭൂമിയും ശബ്ദതാരാവലിയും
തോന്നും പടിയാണാകാശം.
കാലിഡോസ്കോപ്പില് പതിച്ചു കിട്ടിയ
നിറങ്ങളും രൂപങ്ങളും
എണ്ണിത്തിട്ടമാക്കുമ്പോഴേക്ക്
ഏതൊ കൈ അത് തട്ടി മാറ്റും.
ഭ്രാന്തു പിടിക്കാതിരിക്കുന്നതെങ്ങനെ?
മേഘങ്ങളുരുണ്ടുകൂടി
ആനക്കൂട്ടങ്ങളാവുന്നതും
തുമ്പിക്കൈകള്‍ ചീറ്റി
മഴ പെയ്യിക്കുന്നതും
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മി വിളിക്കുന്നതും
മേഘങ്ങളുടെ കീശയില്‍
പ്രണയ ലേഖനമിട്ടുകൊടുക്കുന്നതും
നിലാവ് ഒരു പുഴയായി നീരാടാന്‍ വിളിക്കുന്നതും...
ഭ്രാന്തനല്ലാതാര്‍ക്കു തോന്നുമിതെല്ലാം.
2
തോന്നും പടി തന്നെ ഭൂമിയിലും.
പച്ച മാഞ്ഞ് മഞ്ഞയും കറുപ്പുമാവുന്നു
മലകള്‍ നദികളാവുന്നു
നദികള്‍ കടലുകളാവുന്നു
കടല്‍ മലകളായി മടങ്ങിവരുന്നു.
കാലത്തെ ഓടിത്തോല്പിക്കുന്ന വണ്ടികള്‍
സ്ഥലത്തെ പറത്തിവിടുന്ന വിമാനങ്ങള്‍
ഒരു ചിറകാകാശം,
മറു ചിറകു ഭൂമിയെന്നു
പറക്കുന്ന പക്ഷികള്‍.
ഉരുണ്ടുരുണ്ടു പരന്നു പോയ ഭൂമി.
ഭ്രാന്തു തന്നെ കാണുന്നതൊക്കെയും.
3
ആകാശത്തിലോ ഭൂമിയിലോ
ഭ്രാന്തന് കുടികിടപ്പില്ല.
അനന്ത കാലം
വട്ടം ചുറ്റിയെറിയുമ്പോള്
ഇത്തിരി സ്ഥലം പതിച്ചുകിട്ടാനാണ്
ഇറങ്ങിയോടൂന്നത്.
ചങ്ങലയിഴഞ്ഞ പാടുകളും
അകന്നവരും അടുത്തവരും
അടുത്തുവരാതെ നോക്കി നിന്നവരും
പുറകെയോടിയ ആരവങ്ങളും കൊണ്ട്
മടങ്ങിയെത്തി,
അതിനെ കാലം കൊണ്ടു പെരുക്കി,
ആരും കണ്ടു പിടിക്കാത്തൊരുസ്ഥലമാക്കും.
4
ഭ്രാന്തന്റെ സ്ത്രീലിംഗമെന്തെന്ന്
തര്‍ക്കിക്കുമ്പോള്‍
അകത്തെ മുറിയില്‍ നിന്ന്
ഒച്ചയില്ലാതൊരൊച്ച ഇഴഞ്ഞുവരും.
എങ്ങും ഓടിപ്പോകാത്തവള്‍
ഒരിടവും വെട്ടിപ്പിടിക്കേണ്ടാത്തവള്‍
ഇടക്കിടെ കൈയും കാലും കുടയുമൊച്ചയ്ക്ക്
കാല്‍ത്തളക്കിലുക്കം
കൈവളക്കിലുക്കം
എന്നൊക്കെ വിളിക്കും
തോന്നും പടിയുള്ള
നമ്മുടെ ശബ്ദതാരാവലിയില്‍.
----------------------
(കേരള കവിത 2011-2012)
Saturday, April 2, 2011
പരാജിതരുടെ അടയാളങ്ങള്‍
Wednesday, November 24, 2010
ചിലപ്പോള്‍ ചെമ്പോത്ത്
Thursday, October 14, 2010
കുടിയേറ്റം
Monday, September 27, 2010
വി.മോഹനകൃഷ്ണന്റെ കവിത/സാബുഷന്മുഖം .
(ശ്രി.സാബു ഷണ് മുഖം ഫേസ് ബുക്കിലെഴുതിയ കുറിപ്പ്) ഒരുപാട് കാഴ്ചകള്‍ .ഒരുപാടുകാലങ്ങള്‍ .പടവുകള്‍ .പിരിവുകള്‍ .കാടും മഴയും പക്ഷിയും ഓര്‍മയും .ഇവയെല്ലാം കൂടിച്ചേര്‍ന്ന സഞ്ചാരപഥങ്ങളാണ് വി .മോഹനകൃഷ്ണന്റെ കവിതകള്‍ .'പഴയ ചെരുപ്പും പാട്ടകഷ്ണങ്ങളും'ചിലപ്പോള്‍ ചിതറി വീഴും .'സൂര്യന്‍ഒരാകാശത്താമര' നീട്ടും .വര്‍ഗീസ്സും കക്കയവും ടിയാന് മെന്‍ സ്ക്വയറും പിടഞ്ഞെത്തും .ജാനുവും 'ഹിമഗിരിവിഹാരവും' സനില്‍ദാസും ഗുഹനും തിരനോട്ടം നടത്തും.
ഒരു മരത്തെ ദൃശ്യമാക്കുന്ന ,ഒരുമഴത്തുള്ളിയെ പിടിച്ചെടുക്കുന്ന ,ഓരോര്മ്മയെ മട്ടുംഓര്‍മ്മിക്കുന്ന ,പാര്ശ്വവല്‍കരണങ്ങളില്‍ നിന്നും ഒരുകാഴ്ച്ചയെ മാത്രം തിരഞ്ഞെടുക്കുന്ന ....ക്ളോസപ്പ് ഷോട്ടുകളല്ല മോഹനകൃഷ്ണന്റെ കവിതകള്‍ .'വയനാട്ടിലെ മഴ 'എന്ന അയാളുടെ കാവ്യ സമാഹാരത്തിലെങ്ങും ലോങ്ങ് ഷോട്ടുകളാണ് .ആ ലോങ്ങ് ഷോട്ടുകളില്‍ കാട് മുഴുവനും .പക്ഷിച്ചിറകുകള്‍ നിറയെ.ഒത്തിരി മഴകള്‍. എണ്ണമറ്റ പരാജിതര്‍ .
ചരിത്രം ചതിച്ചവര്‍.
'പല പല പക്ഷികള്‍
പലതരം ജന്മങ്ങളും
തൂവലുകള്‍ പൊഴിച്ച്
പറന്നു പോകുന്നു '
ഒരേയിടങ്ങളെ പലയാങ്ങിളില്‍ ഈകവിതകള്‍ കാണിച്ചു തരുന്നു.ഒരു കാലത്തെ പലകാലങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്നു .ഒരുയാത്രയെ പലയാത്രകളായിരൂപാന്തരപ്പെടുത്തുന്നു.
'സൂപര്‍ ഫാസ്റ്റ് ബസ്സുകളില്‍
സഞ്ചരിച്ചു തീരാത്ത ദൂരങ്ങള
്തീവണ്ടിയില്
കപ്പലില്‍ ജലോപരിയും
ആകാശവിതാനത്തില് വിമാനത്തിലും
കൂട്ടിനാരുമില്ലാതെ കാട്ടിലും
കീഴോട്ടും മേലോട്ടും
സമാന്തരമായും സഞ്ചരിച്ചു .'
പുറമേ സൌമ്യമെന്നു തോന്നാവുന്ന ഈ കവിതകള്‍ക്കുള്ളില്‍ അശാന്തിയുടെയും സംഘര്‍ഷങ്ങളുടെയും ചെത്ത്തിയെടുക്കലുണ്ട്.സമകാലികതയുടെ പ്രതിഘടനകളിലേക്കുള്ള അന്വേഷനങ്ങളുണ്ട് .'കൊയ്തൊഴിഞ്ഞുള്ള നെല്‍പ്പാടങ്ങളില്‍ കൂടി പൂതങ്ങല്‍ക്കൊപ്പം നടന്നു പോകും ഒറ്റു കാരന് 'എന്ന തിരിച്ചറിവുണ്ട് .Inner politics എന്ന് Gerardo Mosquera യും Internal cultural reality of poetry എന്ന് Cristian Paulഉംവിവക്ഷിക്കുന്ന മിന്നല്‍ തിളക്കങ്ങള്‍ 'വയനാട്ടിലെ മഴക്കിടയിലുണ്ട്.'
ശ്രദ്ധിക്കപ്പെടേണ്ട ഒരുകവിയുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ കൊണ്ട് പ്രസക്തമായി തീര്‍ന്നിരിക്കുന്നു, ' വയനാട്ടിലെ മഴ.'
വയനാട്ടിലെ മഴ
(കവിതകള്‍-മെയ് 2009 )
വി.മോഹനകൃഷ്ണന് .
പ്രസാധനം :കറന്റ് ബുക്സ് ,തൃശൂര്‍ .
http://www.facebook.com/notes/sabu-shanmughom/vimeahanakrsnanre-kavitasabusanmukham-/152831888084187