കുന്നു നിന്നേടം
ഇത്രവേഗമൊരു കുഴിയാവുമെന്ന്
കുട്ടിക്കാലത്ത്
ഒട്ടും കരുതിയില്ല
കുളം നികന്നപ്പോഴാണ്
അതിന്റെ ഇല്ലാത്ത ആഴമറിഞ്ഞത്
മാവുവെട്ടിയപ്പോഴാണ്
എത്രകുറച്ചു വേരു കൊണ്ടാണത്
ഉറച്ചു നിന്നതെന്നറിഞ്ഞത്
ഒരാളെ ദഹിപ്പിക്കാനുള്ള
വിറകാണാകെയെന്നറിഞ്ഞത്
നഷ്ടമായപ്പോഴാണ്
കൂടെയുണ്ടായിരുന്നത്
പ്രണയമായിരുന്നുവെന്നറിഞ്ഞത്.
അളക്കാത്ത ആഴവും ഉയരവും
പുറത്തറിയാത്ത വേരുകളും
അറിയാതെ കൂടെ നടക്കും പ്രണയവും
മതിയായിരുന്നു,
അത്ര മതിയായിരുന്നു.
...........................................
(ഇത്തിരി പഴയൊരു കവിത)
Sunday, July 21, 2013
Saturday, March 2, 2013
വാഹന പൂരുഷന്‍
ഞങ്ങളെ നീ മറന്നതു പോലെ
നിന്നെയും ഞങ്ങള്‍ മറന്നുപോകും.
രാത്രിയില്‍ അതേ വാഹനമോടിച്ച്
ആളൊഴിഞ്ഞ നഗരത്തില്‍
ഞങ്ങളല്ലാത്ത ഞങ്ങളുണ്ടാവും
അതേവഴിയില്‍
അതേ സ്റ്റോപ്പില്‍
നീയല്ലാത്ത നീ കൈ കാണിക്കും
വണ്ടിയിലുച്ചത്തില്‍ പാട്ടു വെക്കും
അതേ ഹിന്ദിപ്പാട്ട്.
വലിയ ചക്രങ്ങളും മുരളുന്ന യന്ത്രവും
ചായമടിച്ച ശരീരവുമായി
വാഹനമൊരു പുരുഷനാകും
ഹോണടിച്ച്,ഗിയര്‍ മാറ്റി,
ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി
ഞങ്ങള്‍ മാറി മാറി വണ്ടിയോടിക്കും...
അവസാന തുള്ളിയും അണ്ണാക്കിലിറ്റിച്ച്
ഒഴിഞ്ഞ വെള്ളക്കുപ്പി
ഒടിച്ചു ചുരുട്ടി വലിച്ചെറിയും.
വാഹനമോടിക്കൊണ്ടിരിക്കും.
മൈനസ് ഡിഗ്രി ദില്ലിയില്‍ നിന്ന്
മകരക്കുളിരിലേക്കോടിവരുന്നു
അതി വേഗത്തിലാവാഹനം.
കവിതയുടെ ഒരു കഷ്ണം ച്യൂയിങ്ങ് ഗം ചവച്ച്
തല പുറത്തേക്കിട്ട് പാടുന്നു ഞങ്ങള്‍:
പേരറിയാത്തൊരു പെണ്‍കിടാവേ
നേരറിയാത്തൊരു പെണ്‍കിടാവേ...
(തോര്‍ച്ച മാസിക/ജനു-ഫെബ്രു 2013)
Thursday, October 11, 2012
രണ്ടു കാക്കക്കവിതകള്‍
ഒടിച്ചു മടക്കാന്‍ നോക്കിയിട്ടും
മടങ്ങാതെ കിടപ്പാണ്
എല്ലുനീണ്ട ചിലത് .
വാക്കുകളെന്നും പറയാം.
മൂന്നും രണ്ടും രണ്ടെന്നു
കൂട്ടില്‍ കയറാതെ
പീലി നിവര്‍ത്താതെ
ഒറ്റയ്ക്കൊരുവരിയായി
രണ്ടു പാദങ്ങളില്‍ ചാടി നടക്കുന്നു.
കേകയായില്ല
കാക്കയായി
വലിച്ചുകെട്ടിയ അയയില്‍
തൂങ്ങിക്കിടന്നാടുന്നു
ആണുടുപ്പുകളും പെണ്ണുടുപ്പുകളും
കുട്ടിയുടുപ്പുകളും.
വെള്ളം ഇറ്റുതീര്‍ന്നിട്ടില്ല
വെയിലവയെ പൊതിയുന്നുണ്ട്
കാറ്റോടിവന്ന്‍ വട്ടം ചുറ്റുന്നു
നനവാറി വരുമ്പോള്‍
ഒരു കാക്ക വരും
ചാഞ്ഞും ചെരിഞ്ഞും നോക്കും
കൈകോര്‍ത്ത് കാലു കോര്‍ത്ത്
കാറ്റത്ത് പറന്നു പൊങ്ങുന്ന
അടിയുടുപ്പുകളെ നോക്കി
ഇനിയൊരിക്കലാട്ടെ എന്ന്
വെറുതെ പറന്നു പോകാം
അല്ലെങ്കില്‍ അയല്‍ വീട്ടിലേക്ക് പറക്കും
അവിടെ ഒറ്റക്കു കിടന്നാടുന്ന
നീളന്‍ കുപ്പായം ഞാനും കാണുന്നുണ്ട്.
കാറ്റും വെയിലും കൂടി
ആരും കാണാത്തൊരയയില്‍
എന്റെ കുപ്പായമുണക്കുന്നതിനരികെക്കൂടി
പറക്കല്ലേ കാക്കേ.
(മാതൃകാന്വേഷി/സെപ്തംബര്‍ 2012)
Monday, July 30, 2012
തോന്നും പടി ആകാശവും ഭൂമിയും ശബ്ദതാരാവലിയും
തോന്നും പടിയാണാകാശം.
കാലിഡോസ്കോപ്പില്‍ പതിച്ചു കിട്ടിയ
നിറങ്ങളും രൂപങ്ങളും
എണ്ണിത്തിട്ടമാക്കുമ്പോഴേക്ക്
ഏതൊ കൈ അത് തട്ടി മാറ്റും.
ഭ്രാന്തു പിടിക്കാതിരിക്കുന്നതെങ്ങനെ?
മേഘങ്ങളുരുണ്ടുകൂടി
ആനക്കൂട്ടങ്ങളാവുന്നതും
തുമ്പിക്കൈകള്‍ ചീറ്റി
മഴ പെയ്യിക്കുന്നതും
നക്ഷത്രങ്ങള്‍ കണ്ണു ചിമ്മി വിളിക്കുന്നതും
മേഘങ്ങളുടെ കീശയില്‍
പ്രണയ ലേഖനമിട്ടുകൊടുക്കുന്നതും
നിലാവ് ഒരു പുഴയായി നീരാടാന്‍ വിളിക്കുന്നതും...
ഭ്രാന്തനല്ലാതാര്‍ക്കു തോന്നുമിതെല്ലാം.
2
തോന്നും പടി തന്നെ ഭൂമിയിലും.
പച്ച മാഞ്ഞ് മഞ്ഞയും കറുപ്പുമാവുന്നു
മലകള്‍ നദികളാവുന്നു
നദികള്‍ കടലുകളാവുന്നു
കടല്‍ മലകളായി മടങ്ങിവരുന്നു.
കാലത്തെ ഓടിത്തോല്പിക്കുന്ന വണ്ടികള്‍
സ്ഥലത്തെ പറത്തിവിടുന്ന വിമാനങ്ങള്‍
ഒരു ചിറകാകാശം,
മറു ചിറകു ഭൂമിയെന്നു
പറക്കുന്ന പക്ഷികള്‍.
ഉരുണ്ടുരുണ്ടു പരന്നു പോയ ഭൂമി.
ഭ്രാന്തു തന്നെ കാണുന്നതൊക്കെയും.
3
ആകാശത്തിലോ ഭൂമിയിലോ
ഭ്രാന്തന് കുടികിടപ്പില്ല.
അനന്ത കാലം
വട്ടം ചുറ്റിയെറിയുമ്പോള്‍
ഇത്തിരി സ്ഥലം പതിച്ചുകിട്ടാനാണ്
ഇറങ്ങിയോടൂന്നത്.
ചങ്ങലയിഴഞ്ഞ പാടുകളും
അകന്നവരും അടുത്തവരും
അടുത്തുവരാതെ നോക്കി നിന്നവരും
പുറകെയോടിയ ആരവങ്ങളും കൊണ്ട്
മടങ്ങിയെത്തി,
അതിനെ കാലം കൊണ്ടു പെരുക്കി,
ആരും കണ്ടു പിടിക്കാത്തൊരുസ്ഥലമാക്കും.
4
ഭ്രാന്തന്റെ സ്ത്രീലിംഗമെന്തെന്ന്
തര്‍ക്കിക്കുമ്പോള്‍
അകത്തെ മുറിയില്‍ നിന്ന്
ഒച്ചയില്ലാതൊരൊച്ച ഇഴഞ്ഞുവരും.
എങ്ങും ഓടിപ്പോകാത്തവള്‍
ഒരിടവും വെട്ടിപ്പിടിക്കേണ്ടാത്തവള്‍
ഇടക്കിടെ കൈയും കാലും കുടയുമൊച്ചയ്ക്ക്
കാല്‍ത്തളക്കിലുക്കം
കൈവളക്കിലുക്കം
എന്നൊക്കെ വിളിക്കും
തോന്നും പടിയുള്ള
നമ്മുടെ ശബ്ദതാരാവലിയില്‍.
----------------------
(കേരള കവിത 2011-2012)
Saturday, April 2, 2011
പരാജിതരുടെ അടയാളങ്ങള്‍
(കവിയും സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ഐ.സി.സനില്‍ദാസ് ആത്മഹത്യ ചെയ്തിട്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് മുപ്പതു വര്‍ഷങ്ങളായി.നിരവധി പ്രശസ്ത കവികളുടെ കവിതകളില്‍ ആ ആത്മഹത്യ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.അതിനെക്കുറിച്ചുള്ള ഒരു കുറിപ്പ് ഇവിടെ വായിക്കാവുന്നതാണ്.പരാജിതര്‍ക്കയി സമര്‍പ്പിക്കപ്പെട്ട ഒരു കവിത(കുറച്ചു മുന്‍പെഴുതിയത്)ഇവിടെ ചേര്‍ക്കുന്നു.(‘വയനാട്ടിലെ മഴ‘ എന്ന സമാഹാരത്തില്‍ നിന്ന്)
പരാജിതനെ
ആര്‍ക്കും തിരിച്ചറിയാം.
ചിരിക്കാനൊ കരയാനോ വിടരാതെ
മൌനത്താല്‍ മുദ്രവെച്ച ചുണ്ടുകള്‍
അമ്പുകളേറ്റ വടുക്കള്‍
ചൂടോ തണുപ്പോ നീറ്റലോ
മറന്നുപോയശരീരത്തില്‍
കാലത്തിന്റെ ടിക് ടിക്
എന്നേ നിലച്ചുപോയിരിക്കും
തുറന്നിരുന്നാലും അടഞ്ഞിരുന്നാലും
കാഴ്ചകളൊന്നും പതിയാത്ത
ചൂഴ്ന്നുപോയ കണ്‍കുഴികള്‍,
ആസക്തി
തൊണ്ടയില്‍ നിന്നിറങ്ങാത്ത അപ്പമായി,
തിരസ്ക്കാരം വമനേച്ഛയായി
വിടവാങ്ങലുകള്‍
കൈ വീശലുകള്‍
കണ്ണുനീരുകള്‍
തലകുനിച്ചൊരു തിരിച്ചു പോക്ക്..
പരിത്യക്തനും പരാജിതനും
ഒരേനാണയത്തിന്റെ
ഒരേ വശത്തുറക്കമില്ലാതെ
തിരിഞ്ഞും മറിഞ്ഞും കിടക്കും.
പരാജിതനെ ആര്‍ക്കും തിരിച്ചറിയാം
അയാള്‍ക്ക് ഒന്നല്ല പേരുകള്‍
ഇടപ്പള്ളി,രമണന്‍,സനില്‍ദാസ്,ഗുഹന്‍,
കിഷോര്‍,പ്രേമന്‍,കൃഷ്ണപ്രസാദ്,സാംസണ്‍
ഏതു പേരുമാകാം.
തിരിച്ചറിയാനുള്ള
പൊതു അടയാളങ്ങളെല്ലാം കഴിഞ്ഞ്
ഓരോ പരാജിതനും
അയാളുടെ സ്വന്തം പരാജയചിഹ്നമുണ്ടാവും.
ഒരു വീതുളി
ഒരു പരിഹാസക്കുരുക്ക്
അന്യമായ ചന്ദ്രിക
വായിക്കാതെ പോയ ഒരുവരി
ഉലയില്‍ വെച്ചു കാച്ചിയെടുത്ത
പ്രേമത്തിന്റെ ഒരു വായ്ത്തല..
ആചിഹ്നം കൊണ്ടാണയാള്‍
ആശാരിയോ
കരുവാനോ
കവിയോ
കള്ളനോ
കാമുകനോ
ആയിരുന്നതെന്ന് നാമറിയുന്നത്.
Wednesday, November 24, 2010
ചിലപ്പോള്‍ ചെമ്പോത്ത്
കാണണമെന്നോര്‍ത്തിറങ്ങിയാല്‍
കണ്ടില്ലെന്നുവരും
ചിലപ്പോള്‍ ചെമ്പോത്തിനെ.പക്ഷത്തില്‍ പാതിചുവപ്പായതിനാല്‍
മറുപാതി മാത്രം കറുപ്പായതിനാല്‍
കാക്കയേക്കാള്‍ ഭംഗിയുള്ള പക്ഷിയെന്നു
കേട്ടുകേള്‍വിയുണ്ട്.
ഓരോ നേരത്തോരോന്നു ചിലയ്ക്കും,
ലിപി കണ്ടുപിടിക്കാത്ത ഭാഷയില്‍.
പറക്കാറില്ല,കാക്കയെപ്പോലെ
കരയാറുമില്ല,തീരെ.
ഒരുകൊമ്പില്‍നിന്നടുത്തതിലേക്ക്
ചാടാന്‍ മാത്രം
ചുവന്നചിറകെന്തിനാണെന്ന്,
ആരെയും കടുപ്പിച്ചുനോക്കാതെ
ചുവന്ന കണ്ണെന്തിനാണെന്ന്,
ആര്‍ക്കുമറിയില്ല.
പാതിചുവന്നചിറകായതിനാല്‍
കാക്കക്കൂട്ടത്തിനു പുറത്തായി,
ആകെ ചുവക്കാത്ത ചിറകായതിനാല്‍
ചെമ്പക്ഷികളിലിടം കിട്ടാതെ,
പാടാത്തതിനാല്‍
കുയില്‍ക്കൂട്ടത്തില്‍ പെടാതെ,
പറക്കാത്തതിനാല്‍
പക്ഷികുലത്തിനും പുറത്താണ്
ചിലപ്പോല്‍ ചെമ്പോത്ത്.
ചുവന്നചിറകുമാത്രംവീശി
ചിലപ്പോളത്
പറപറക്കുന്നുണ്ടാവും.
ചിലപ്പോള്‍ കറുപ്പുചിറകിനാല്‍
ചിലപ്പോള്‍ രണ്ടും കൂടി.
അങ്ങനെ പറക്കുമ്പോള്‍
ചിലപ്പോള്‍ കുറുകും,ചിലയ്ക്കും.
പാടിയിട്ടുമുണ്ടാവും
ചിലപ്പോള്‍ ചെമ്പോത്ത്.(കേരളകവിത/2010)
Thursday, October 14, 2010
കുടിയേറ്റം
കിണറുപോലെ
കുഴിച്ചുപോയിട്ടും
വലയിട്ടു വലിച്ചെടുത്തും
ആകാശത്തു പറന്നുപിടിച്ചും
കുടിയേറ്റം നടത്താമെന്ന്
കാരണവന്മാര്‍ക്കുമറിയാമായിരുന്നു.
കിണറിന്റെ ഓരോ വളയവും
ഓരോ തലമുറയായിരുന്നു.
പാതാളക്കരണ്ടികൊണ്ടിളക്കിയാല്‍
അടിയില്‍ നിന്ന് കേള്‍ക്കുന്ന
അസ്ഥിയില്‍ തട്ടുന്ന ഒച്ചയുള്ള
ആ കിണറ്റിലെ ജലമാണ്
ഞങ്ങള്‍ കുടിച്ചതും കുളിച്ചതും
കൃഷി നനച്ചതും.
വയലിലിലെ തോട്ടില്‍
കണ്ണിയടുപ്പമുള്ള വലയെറിഞ്ഞാല്‍
ചില പൊടിമീനുകള്‍ കുടുങ്ങും.
പേരറിയാത്ത ആ മീനുകള്‍ക്കുള്ളില്‍
ഏതുമുതുമുത്തശ്ശിയുടെ
ഇല്ലാത്ത പേരായിരുന്നെന്ന്
വായിക്കാനായാല്‍ പിന്നെ
വയലും തോടും മീനുമുള്ള
ആ ഭൂമി ഞങ്ങള്‍ക്കു സ്വന്തം.
ആകാശത്തേക്കു പറത്തിവിട്ട
കടലാസുവിമാനങ്ങള്‍
മടങ്ങിവരുമ്പോള്‍
അവയില്‍ ചിലതിന്
ചിറകുറച്ചിട്ടുണ്ടാവും
ചിലതിന് ചുണ്ടും കൊക്കുമുണ്ടാവും.
ഏതുതലമുറയിലെ
കാരണവരായിരുന്നെന്ന്
കരച്ചില്‍ കേട്ടാലറിയാം.
കടലാസുപക്ഷി പറന്ന ദൂരവും
ഞങ്ങള്‍ വളച്ചെടുക്കും.
അങ്ങനെ ഞങ്ങല്‍ നേടിയതാണീ
ഭൂമിവിസ്താരമൊക്കെയും.
മറിച്ചുവില്‍ക്കാനാവില്ല
രഹസ്യവാക്കിന്റെ
താക്കോലിട്ടു തുറന്ന്
ഞങ്ങള്‍ക്കുമാത്രം പ്രവേശിക്കാം.
(തോര്‍ച്ച മാസിക-ആഗസ്ത്/സെപ്തംബര്‍ 2010)
Subscribe to:
Posts (Atom)
