Sunday, November 15, 2009

വയനാട്ടിലെ മഴയിലും കവിത/കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

മലയാളകവിതയുടെ പുതുമ ഉറയുരിച്ച്‌ വ്യക്തമാക്കുന്ന കവിയാണ്‌ വി. മോഹനകൃഷ്‌ണന്‍.
കവിത ഏകധാരയിലേക്ക്‌ ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ്‌ വി. മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന പുസ്‌തകം. നാല്‌പത്തിയൊന്‍പത്‌ കവിതകളുടെ ഉള്ളടക്കം.
നിശബ്‌ദതയുടെ വാളിന്‌ ഇരുതല മൂര്‍ച്ചയുണ്ടെന്ന്‌ വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ്‌ ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട്‌ സങ്കീര്‍ണ്ണത സൃഷ്‌ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്‌. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്‌ചകളിലൂടെ നടത്തിക്കുകയാണ്‌ ഈ എഴുത്തുകാരന്‍.നിശബ്‌ദതയുടെ ചിത്രം വരച്ചുകൊണ്ടാണ്‌ മോഹനകൃഷ്‌ണന്‍ തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്‌. ഓര്‍മ്മകളുടെ കല്ലെടുത്ത്‌ എന്നെ എറിയരുതെന്ന അപേക്ഷയാണ്‌ പുസ്‌തകത്തിലെ അവസാന കവിത- (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്‌ദതയ്‌ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ്‌ വയനാട്ടിലെ മഴ.
പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്‌ചകളും വിസ്‌മയങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌ മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ്‌ ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്‌. കുത്തൊഴുക്കില്‍ തിടംവയ്‌ക്കുന്ന ജീവിതഖണ്‌ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. മോഹനകൃഷ്‌ണനെ പുതുകവിതയില്‍ വേറിട്ടുനിര്‍ത്തുന്നത്‌ കാഴ്‌ചയ്‌ക്കും മൗനത്തിനും സാക്ഷിയാകുമ്പോഴും എല്ലാം ആറ്റിക്കുറുക്കി സൂക്ഷ്‌മതയുടെ കണ്ണട നല്‍കുന്നതിലാണ്‌. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ഭൂമിയിലേക്കും ശാഖികള്‍ വിരിച്ചു നില്‍ക്കുന്ന വടവൃക്ഷം പോലെയാണ്‌. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചാരമാണ്‌ മോഹനകൃഷ്‌ണന്റെ കവിതകള്‍. ഓരോ വായനയിലും പ്രകൃതിയുടെയും മനുഷ്യന്റെയും അകം തൊട്ടുകാണിച്ച്‌ നമുക്ക്‌ മുന്നില്‍ നടക്കുന്ന കവിയും കവിതയുമാണ്‌ വയനാട്ടിലെ മഴയില്‍ തെളിയുന്നത്‌. പുതുകവിതയുടെ ഊടുംപാവുമാണിത്‌ നേദിക്കുന്നത്‌. കാവ്യരചനയുടെ പാഠവും പാഠാന്തരവുമാണ്‌ വി. മോഹനകൃഷ്‌ണന്റെ കാവ്യതട്ടകം. പി. പി. രാമചന്ദ്രന്റെ അവതാരിക. -( കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. 55 രൂപ).
കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ ബ്ലോഗില്‍നിന്ന്

Sunday, October 4, 2009

ഉള്ളി

ഉള്ളിയുടെ പദാര്‍ത്ഥമെന്ത്?
ഉള്ളുള്ളതോ,ഉള്ളില്ലാത്തതോ?
ഉള്ളിവില്‍പ്പനക്കാരി പറഞ്ഞു:
കിലോ പത്തു രൂപ
ഉള്ളിക്കറിയുണ്ടാക്കാന്‍
ഉള്ളിതൊലി കളയുന്നവീട്ടുകാരി പറഞ്ഞു:
കണ്ണുനീറുന്നുണ്ടേട്ടാ
എങ്കിലും ഉള്ളി തിന്നാന്‍ കൊതി
..................കൂടുതല്‍ >>>>

Saturday, September 26, 2009

അടുപ്പിച്ചുനട്ടമരങ്ങള്‍

അടുപ്പിച്ചുനട്ടമരങ്ങള്‍
നാം കരുതിയ പോലെ
ഇലകൊണ്ടും പൂകൊണ്ടും
നിശ്വാസംകൊണ്ടും വിശ്വാസംകൊണ്ടും
പരസ്പരം പുണര്‍ന്നു നില്‍ക്കുന്നതു കണ്ട്
..................കൂടുതല്‍ >>>>

Saturday, August 15, 2009

നഗരം നഗരം മഹാസാഗരം

പണ്ട്
രണ്ടു വയലുകള്‍ക്കപ്പുറത്തുള്ള
ഗീതാടാക്കീസില്‍ നിന്ന്
നഗരം നഗരം മഹാസാഗരം
എന്ന പാട്ട് തഴുകിവരും
നഗരവും സാഗരവും
കാണാത്തകാലം
ആദ്യത്തെ വയല്‍ഒരുനഗരമായി
പിന്നത്തെ വയല്‍ഒരു കടലായി
ഗീതാടാക്കീസാകട്ടെ
സ്വയം മറന്ന്
സ്വയം പാടി
സ്വയം ഇല്ലാതായി...
എങ്കിലും
ഗീതാടാക്കീസ്
പിരിയാന്‍ വിടാത്ത കാമുകി.
(പച്ചക്കുതിര,ജൂലൈ2009)

Sunday, August 2, 2009

കണ്ണെഴുത്ത്

നീ
കണ്ണെഴുതിച്ചതാണെന്റെ
കാഴ്ചയും
കണ്ണീരും.
(ഇന്ന് മാസിക,ജൂലായ് 2009 )

Wednesday, July 22, 2009

മയിലാടും കുന്ന്

ഉച്ചനേരത്ത്
ഇല്ലാത്ത ഉറക്കം
കണ്ണില്‍നിന്ന് വടിച്ചുകളഞ്ഞ്
തൊടിയിലേക്ക് നോക്കിയിരിക്കുമ്പോള്‍
ഇപ്പോഴില്ലാത്ത
പൊന്തക്കാട്ടില്‍
അതാ ഒരു മയില്‍.
പണ്ടുണ്ടായിരുന്ന
പീലി നീര്‍ത്തി
നൃത്തംവെക്കുന്നു.
മുട്ടത്തുവര്‍ക്കിയുടെ
കാലത്തുണ്ടായിരുന്ന
ഒരു കുന്നിലേക്കത്
കയറിപ്പോയി.
അപ്പോഴേക്കും
വരാത്ത ഉച്ചമയക്കം
എന്നേയുംകൂട്ടി
കുന്നുകയറി.
മയിലിനെ പിടിക്കാന്‍.
(കടപ്പാട്:പടയാളിസമയം മാസിക,മെയ്2009)

Thursday, July 2, 2009

‘വയനാട്ടിലെ മഴ’ പ്രകാശിതമായി

‘വയനാട്ടിലെ മഴ’ പ്രകാശിതമായി.2009ജൂണ്‍ 28ന് ചങ്ങരംകുളം രാജകീയ കല്യാണ മണ്ഡപത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ മഹാകവി അക്കിത്തം പുസ്തകം അഭിരാമിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ